കൊച്ചി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് ആയ ‘കല്ലട’യില്‍ യാത്രക്കാര്‍ക്ക് ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് വൈകിട്ട് നാലു മണിയോടെ സുരേഷ് എത്തിയത്.
ഇന്ന് ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നിലപാട് എടുത്തിരുന്നു. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സുരേഷ് അറിയിച്ചുവെങ്കിലും അത് പോലീസ് വകവച്ചിരുന്നില്ല.
സുരേഷ് കല്ലടയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച തിരുവനന്തപുരത്തുനിന്നും ബംഗലൂരുവിലേക്ക് പോയ ബസ് ഹരിപ്പാടിന് സമീപം കേടായതോടെ യാത്ര മുടങ്ങുന്ന സ്ഥിതിവന്നു. ഇത് ചോദ്യം ചെയ്തതിനാണ് മൂന്നു യാത്രക്കാരെ വൈറ്റിലയിലെ ഓഫീസിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.
യാത്രക്കാരില്‍ ഒരാള്‍ മരട് സ്‌റ്റേഷനിലേക്ക് വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
തിങ്കളാഴ്ച ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത പോലീസ് ഏഴു പ്രതികളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തിരുന്നു. പന്ത്രണ്ടോളം പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്.