കര്‍ഷകര്‍ക്കെതിരായ കേസ്; ലെയ്‌സിനും പെപ്‌സിക്കും എതിരെ സോഷ്യല്‍ മീഡിയ കാമ്പയിന്‍

അഹമ്മദാബാദ് : ജങ്ക് ഫുഡായ ‘ലെയ്‌സ്’ ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒന്‍പത് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കമ്പനി കേസ് കൊടുത്ത സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. ലെയ്‌സിനും പെപ്‌സിക്കും എതിരെ സോഷ്യല്‍ മീഡിയ കാമ്പയിന്‍ ശക്തമായിരിക്കുകയാണ്.

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സിയുടെ ആവശ്യം.

2018ല്‍ പ്രാദേശികമായി കൈമാറി കിട്ടിയ വിത്ത് ഉത്പാദിപ്പിച്ചതിനാണ്
സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ര്ട കമ്പനിയായ പെപ്‌സി കേസ് കൊടുത്തിരിക്കുന്നതും വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതും. ഏപ്രില്‍ ഒന്‍പതിന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്‌വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.