ന്യുഡല്‍ഹി: വാരണാസി ലോക്സഭാ മണ്ഡലത്തില്‍നിന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരില്ല. പകരം 2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് റായ് തന്നെ ഇത്തവണയും നരേന്ദ്ര മോഡിയെ നേരിടും. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമായതോടെ മോഡിയെ നേരിടാന്‍ പ്രിയങ്കതന്നെ രംഗത്തിറങ്ങുമെന്ന സൂചന പാര്‍ട്ടി ഘടകങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടന്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന നേതൃത്വത്തിന്റെ തീരുമാനമാണ് പ്രിയങ്കയെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ചത്.
കഴിഞ്ഞ തവണ അജയ് റായ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവാണ് അജയ് റായ്. അഞ്ചു തവണ എം.എല്‍.എയായി. വാരണാസി മേഖലയില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. ബി.ജെ.പി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ അജയ് റായ് 2009ല്‍ ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാര്‍ട്ടി വിട്ടത്.
സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. എന്നാല്‍ 2009ല്‍ കോലാസ്ല നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി വിജയിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അവസാന ഘട്ടമായ മേയ് 19നാണ് വരണാസിയില്‍ വോട്ടെടുപ്പ്.