ആലുവ: കൊച്ചിയില്‍ തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അന്യസംസ്ഥാന ബാലന്റെ നില അതീവ ഗുരുതരമായി തുടരുന്നു. താന്‍ തന്നെയാണ് തല്ലിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. ഇതേത്തുടര്‍ന്ന് അമ്മയെ ഉടന്‍തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവരും നിലവില്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്.
തുടര്‍ച്ചയായി ക്രൂരമായ മര്‍ദ്ദനമാണ് കുട്ടി ഏറ്റത് എന്നാണ് പോലീസ് നല്കുന്ന റിപ്പോര്‍ട്ട്. തടി കൊണ്ട് തലയ്ക്ക്ടിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അയല്‍ വാസികളില്‍ നിന്നും മോഴിയെടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ, ശൈലജ അറിയിച്ചു. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്.
പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു.
ഇവര്‍ കേരളത്തില്‍ എത്തിയിട്ട് 20 ദിവസം മാത്രമാണ് ആയിട്ടുള്ളത്. കുട്ടിയ്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിലെ ആന്തരീക രക്തസ്രാവം നിലച്ചിട്ടില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കുഞ്ഞിന്റെ ജീവന് ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ജാര്‍ഖണ്ഡ് ജെയ്നഗര് പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.