ദിലീഷ് പോത്തന് സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന് സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും നിമിഷ നേടി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.
നിമിഷയുടെ ഈ നേട്ടത്തെ അഭിനന്ദിച്ച് സംവിധായിക സൗമ്യ സദാനന്ദന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സൗമ്യ സംവിധാനം ചെയ്ത മാംഗല്യം തന്തുനാനേ എന്ന സിനിമയ്ക്കിടെ നിമിഷയ്ക്ക് അപക്വമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെന്നും, എന്നാല്‍ അവര്‍ക്കെല്ലാം നിമിഷ തന്റെ അവാര്‍ഡിലൂടെ മറുപടി നല്‍കിയെന്നും സൗമ്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നിമിഷയുടെ ഇരട്ട സെഞ്ച്വറിയാണെന്നും സൗമ്യ പറയുന്നു. നിമിഷയുടെ വിമര്‍ശകര്‍ക്ക് വ്യക്തിത്വമുള്ള മറുപടിയാണ് നിമിഷ ഇതിലൂടെ നല്‍കിയതെന്നും സൗമ്യ കുറിക്കുന്നു.
മാംഗല്യം തന്തുനാനേ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നിമിഷ എത്തിയത്. തന്റെ സിനിമയിലെ നായകനോടൊപ്പം അഭിനയിക്കാനുള്ള സൗന്ദര്യം നിമിഷയ്ക്കില്ലെന്ന ഫാന്‍ അസോസിയേഷന്‍കാരുടേയും, ചില ആരാധകരുടേയും അഭിപ്രായങ്ങള്‍ നിമിഷയെ മാനസികമായി തകര്‍ത്തിരുന്നതായി സൗമ്യ പറയുന്നു. ഇത് നിമിഷ തന്നെ വിളിച്ചറിയിച്ചപ്പോള്‍ തനിക്ക് മാനസികമായി പ്രയാസം അനുഭവപ്പെട്ടതായും, ഇത്തരം ഒരു അനാവശ്യ വിമര്‍ശനം നിമിഷയുടെ പ്രസരിപ്പിനെ ഇല്ലാതാക്കി. വളരാനുള്ള ത്വരയും കഴിവുമുള്ള ഒരു വ്യക്തിയെ മുളയിലേ നശിപ്പിക്കുന്ന ഒരു സമീപനമായിരുന്നു ഇതെന്നും അവര്‍ കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ നിമിഷയെ തളര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ കരിയര്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ അവരെ ആശ്വസിപ്പിച്ചതെന്നും സൗമ്യ പറഞ്ഞു.
” സച്ചിനെക്കുറിച്ച് സംസാരിച്ചാണ് ഞാന്‍ നിമിഷയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സച്ചിനില്‍ നിന്നും വലിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഫോമില്ലായ്മയുടെ പേരില്‍ മാധ്യമങ്ങളും ആരാധകരും, ഈ ലോകം മുഴുവനും അദ്ദേഹത്തിന്റെ ദിനങ്ങള്‍ കഴിഞ്ഞു എന്ന് പറഞ്ഞ് അദ്ദേഹത്തെ എഴുതിത്തള്ളുമായിരുന്നു. അപ്പോഴായിരിക്കും അദ്ദേഹം തന്റെ അടുത്ത മാച്ചില്‍, യാതൊരു നാടകീയതയും ഇല്ലാതെ കടന്നു വന്ന് സെഞ്ചുറിയും ഡബിള്‍ സെഞ്ച്വറിയും നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കുക. അദ്ദേഹത്തിന് മാന്യതയും, അദ്ദേഹത്തിന്റെ മധുരപ്രതികാരങ്ങള്‍ക്ക് ഒരു വ്യക്തിത്വവും ഉണ്ടായിരുന്നു” – സൗമ്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.