കോട്ടയം: എസ്എഫ്‌ഐ യുടെ തീപ്പൊരി കോട്ടയില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദ നായിക സിന്ധു ജോയിക്ക് ശേഷം മറ്റൊരു സിന്ധുവുമായി സിപിഎം കോട്ടയം പിടിക്കാന്‍ വീണ്ടും എത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കേ ഹോട്ട് സീറ്റായി മാറിയിരിക്കുന്ന കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന പേരുകളില്‍ ഒന്നായ സിന്ധുമോള്‍ ജേക്കബാണ് പുതിയ ചര്‍ച്ച. ജെഡിഎസില്‍ നിന്നും പിടിച്ചുവാങ്ങിയ കോട്ടയം സീറ്റിലേക്ക് പരിഗണിക്കപ്പെടുന്ന രണ്ടു പേരുകളില്‍ ഒന്ന് ഡോ. സിന്ധുമോള്‍ ജേക്കബിന്റേതാണ്.
അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ ഡോ. സിന്ധുമോള്‍ ജേക്കബിനെക്കുറിച്ച് മാധ്യമങ്ങളും ജനങ്ങളും തെരച്ചിലുകള്‍ തുടങ്ങിക്കഴിഞ്ഞു. ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ ഉഴവൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ അരീക്കരയിലെ മെമ്പര്‍ കൂടിയായ സിന്ധു ഹോമിയോ ഡോക്ടറാണ്. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തില്‍ നിന്നുള്ള സിന്ധുമോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവര്‍ത്തകയായി. 2005 ലാണ് ഉഴവൂരില്‍ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാര്‍ഡായ അരീക്കരയില്‍ നിന്നും തുടര്‍ച്ചയായി ജയിക്കുന്ന മെമ്പറായി.
നിലവില്‍ ഉഴവൂര്‍ ലോക്കല്‍കമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാഥയ്ക്കിടയില്‍ തന്നെ സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. കടുത്തുരുത്തിയില്‍ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ ചര്‍ച്ചകള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. കോടിയേരിയുടെ ജാഥയെ കടുത്തുരുത്തിയില്‍ വരവേറ്റത് സിന്ധുമോള്‍ ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു.
കോട്ടയത്ത് സിന്ധുവിനെ പരിഗണിക്കാന്‍ സിപിഎമ്മിന് ഒട്ടേറെ ഘടകങ്ങളുണ്ട്. കോട്ടയത്തെച്ചൊല്ലി യു.ഡി.എഫിലുള്ള തര്‍ക്കം മുതലെടുക്കാമെന്നാണ് ഇക്കാര്യത്തില്‍ പ്രധാനം. ഉഴവൂരിലെ പ്രശസ്തമായ യാക്കോബായ കുടുംബാംഗമായ സിന്ധുമോള്‍ ക്‌നാനായ കുടുംബ പശ്ചാത്തലമുള്ളയാളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടു ക്രൈസ്തവ സഭകളുടെ പശ്ചാത്തലങ്ങള്‍ സിന്ധുമോള്‍ക്ക് വോട്ടില്‍ തുണയാകുമെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്. ഇതിന് പുറമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വനിതാ പങ്കാളിത്തം എന്ന കാര്യവും പാര്‍ട്ടി ശ്രദ്ധിക്കുന്നുണ്ട്.