വെള്ളാപ്പള്ളി നടേശന്റെ അന്ത്യശാസനം തുഷാര്‍ തള്ളി ; തൃശ്ശൂരില്‍ മത്സരിക്കും….എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയില്ല

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും പ്രതിസന്ധിയിലേക്കിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാകും. എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികള്‍ മത്സരിക്കരുതെന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശം തള്ളിക്കൊണ്ട് യോഗത്തിന്റെ വൈസ് പ്രസിഡന്റ് പദവി രാജി വെയ്ക്കാതെ തന്നെയാണ് തുഷാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പം മത്സരിക്കാന്‍ എത്തുന്നത്.

ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് തുഷാര്‍ മത്സര രംഗത്ത് എത്തിയതെന്നാണ് സൂചന. നേരത്തേ മത്സരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച തുഷാര്‍ വെള്ളപ്പള്ളിയുമായി ചര്‍ച്ച നടത്തിയ ശേഷം മത്സരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ തന്നെ ഒന്നുകില്‍ എസ്എന്‍ഡിപി അല്ലെങ്കില്‍ ബിഡിജെഎസ് എന്ന് വെള്ളാപ്പള്ളി നടേശന്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് എസ്എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ട് മതിയെന്ന് തുഷാറിനോട് വെള്ളാപ്പള്ളി തീര്‍ത്തു പറയുകയും ചെയ്തു.

എന്നാല്‍ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാതെ തന്നെയാണ് തുഷാര്‍ മത്സരിക്കാന്‍ സമ്മതം മൂളിയത്. ഇതോടെ നേരത്തേ തന്നെ ബിജെപിയെ തള്ളി നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളിയുടെ അടുത്ത നീക്കം എന്താണെന്ന ആകാംഷ ഉയരുന്നുണ്ട്.