ഓച്ചിറ: തനിക്ക് വയസ്സ് 18 ആയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് മുഹമ്മദ് റോഷനൊപ്പം പോയതെന്നും ഓച്ചിറയില്‍ നിന്നും കാണാതായ രാജസ്ഥാനി പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ട്. വീട്ടുകാര്‍ രാജസ്ഥാനിലുള്ള ഒരു യുവാവുമായി തന്നെ വിവാഹം കഴിപ്പിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇത് ഇഷ്ടമല്ലായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് റോഷനൊപ്പം ഒളിച്ചോടേണ്ടി വന്നതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പെണ്‍കുട്ടിക്ക് പതിനെട്ടു വയസുണ്ടെന്നു റോഷനും മാധ്യമങ്ങളോടു പറഞ്ഞു. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് ഇതിന് തെളിവായുണ്ടെന്നും റോഷന് അവകാശപ്പെട്ടു.
കൊല്ലം ഓച്ചിറയില്‍ നിന്ന് കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടത്. രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ റോഷനും സംഘവും തട്ടികൊണ്ടുപോയെന്നായിരുന്നു പരാതി.
രാജസ്ഥാന് സ്വദേശികളായ ഇവര്‍ വഴിയോരക്കച്ചവടം നടത്തിവരികയാണ്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. അവിടെ കയറിയാണ് മകളെ തട്ടികൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.