ന്യൂഡല്‍ഹി: നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക്ക് പോര്‍ വിമാനങ്ങളെ തുരത്തി പായിക്കുന്നതിനിടയില്‍ പാക് പിടിയിലായ ഇന്ത്യന്‍ മിഗ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാന്‍ തിരികെ എത്തി. ഇന്ത്യയില്‍ കാലുകുത്തിയ ശേഷം അദ്ദേഹം ആദ്യമായി പ്രതികരിച്ചതിങ്ങനെ.. മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പാകിസ്താന്റെ കസ്റ്റഡിയിലായിരുന്ന അഭിനന്ദന്‍ രാജ്യത്ത് തിരിച്ചെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് നൂറ്റിമുപ്പത്തിയഞ്ച്‌കോടി ജനങ്ങളും. വാഗാ അതിര്‍ത്തിയില്‍ വച്ച് രാത്രി 9.20ഓടെയാണ് നീണ്ട മണിക്കൂറുകളുടെ ആശയക്കുഴപ്പത്തിനൊടുവില്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്.
ഇന്ത്യയുടെ വീര പുത്രനെ കാണാന്‍ വാഗ അതിര്‍ത്തിയില്‍ ആയിരങ്ങള്‍ എത്തിയിരുന്നു. റെഡ് ക്രോസിന്റെ മെഡിക്കല്‍ പരിശോധനകളടക്കമുള്ള നിരവധി നടപടിക്രമങ്ങള്‍ക്കും പ്രോട്ടോകോളുകള്‍ക്കും പിന്നാലെയാണ് സൈനികനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. പാക്കിസ്ഥാനി റേഞ്ചേഴ്‌സാണ് അഭിനന്ദനെ ബിഎസ്എഫിന് കൈമാറിയത്. മുതിര്‍ന്ന വ്യോമസേനാ ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു. അത്താരിയില്‍ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചു.