തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആകാംഷകള്‍ ഉയരുന്നതിനിടയില്‍ തിരുവനന്തപുരത്തെ മണ്ഡലത്തില്‍ മത്സരിക്കാന്‍ ബിജെപി വീണ്ടും കുമ്മനം രാജശേഖരനിലേക്ക് ശ്രദ്ധ തിരിക്കുന്നു. സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് എടുത്തതും അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിയുന്ന പ്രമുഖന് തന്നെ വേണമെന്നുള്ളതുമാണ് കുമ്മനത്തിലേക്ക് തന്നെ വീണ്ടും പരിഗണന എത്താന്‍ കാരണമായിരിക്കുന്നത്.
കുമ്മനവും സുരേഷ്ഗോപിയും അല്ലെങ്കില്‍ കെ. സുരേന്ദ്രന്റെ പേര് കേട്ടിരുന്നെങ്കിലൂം അദ്ദേഹത്തെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചേക്കുമെന്ന സൂചനകളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ബിജെപി സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് ശശിതരൂരിനെതിരേ മത്സരിക്കാന്‍ ഏറെ പറഞ്ഞുകേട്ട പേരുകളില്‍ ഒന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി, മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് എന്നിവരുടേതായിരുന്നു.
കുമ്മനം മത്സരിക്കാന്‍ എത്തിയാല്‍ സുരേഷ് ഗോപിയെ കൊല്ലത്തേക്ക് നിയോഗിക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍ സിനിമയുടെ തിരക്കുകളില്‍ പെട്ടതോടെ തിരുവനന്തപുരത്തോ കൊല്ലത്തോ മത്സരിക്കാനില്ലെന്ന് സുരേഷ്ഗോപി തീര്‍ത്തു പറഞ്ഞതോടെ വീണ്ടും കുമ്മനത്തിലേക്ക് തന്നെ സാധ്യതകള്‍ വിരല്‍ ചൂണ്ടപ്പെടുകയാണ്.