വേനല്‍മഴ ശരാശരിയിലും കുറഞ്ഞതോടെ, കേരളത്തെ കാത്തിരിക്കുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമം. കാലവര്‍ഷം ജൂണ്‍ ആദ്യവാരത്തിനു ശേഷമേ എത്തൂ. കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുന്നതു വന്‍തിരയിളക്കത്തിനും കാരണമാകും. രാത്രിയും പുലര്‍ച്ചെയും അസാധാരണമായ ഉഷ്ണമാണു സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
ഈയാഴ്ച വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ മുഴുവന്‍ ജില്ലകളും രൂക്ഷമായ ജലക്ഷാമത്തിലേക്കു നീങ്ങുമെന്നു സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.ഡബ്ല്യു.ആര്.ഡി.എം) മുന്നറിയിപ്പു നല്കി. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാകും വരള്‍ച്ച രൂക്ഷമാകുക.
ഈ ജില്ലകളില്‍ ഭൂഗര്‍ഭജലം ഗണ്യമായി കുറഞ്ഞു. ജനുവരി മുതല്‍ ഇതുവരെ കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തിട്ടില്ല. മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നേരിയ മഴ ലഭിച്ചു. വടക്കന്‍ ജില്ലകളില്‍ 38% മഴക്കുറവ് രേഖപ്പെടുത്തി. തുലാവര്‍ഷത്തില്‍ 15% കുറവുണ്ടായ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്നപ്രദേശങ്ങളിലെ ഭൂഗര്‍ഭജലവിതാനം ഒരു മീറ്റര്‍ വരെ താഴ്ന്നു.
നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വനങ്ങള്‍ എന്നിവയുടെ വിസ്തൃതിയിലുണ്ടായ കുറവും ഭൂഗര്‍ഭജലവിതാനം താഴ്ത്തി. പല ജില്ലകളിലും ഫെബ്രുവരി അവസാനം വരെ ലഭിച്ച മഴയുടെ അളവില്‍ 11.3 മില്ലീമീറ്റര്‍ കുറവുണ്ടായി.
ആലപ്പുഴയില്‍ മൂന്നു മില്ലീമീറ്റര്‍ മഴയാണു ലഭിച്ചത്. അതായത് 93% കുറവ്. എറണാകുളത്തു 32 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 7.2 മി.മീ. മാത്രമാണു ലഭിച്ചത്. മലപ്പുറം-92%, തൃശൂര്‍-67%, തിരുവനന്തപുരം-70%, ഇടുക്കി-27%, കോട്ടയം-56%, പാലക്കാട്-59% മഴക്കുറവുണ്ടായി. വയനാട്, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണു സാധാരണ രീതിയില്‍ മഴ ലഭിച്ചത്. വിവിധ ജില്ലകളില്‍ താപനില അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.