ന്യൂഡല്‍ഹി: ദേശീയ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടന്നുകൊണ്ടിരിക്കേ മുന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീറിന് ബിജെപിയില്‍ അംഗത്വം. മൂന്‍ ഇന്ത്യന്‍ താരം ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ക്ക് വിരാമമിട്ടത് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അരുണ്‍ ജെയ്റ്റ്‌ലി ഗംഭീറിന് അംഗത്വം സമ്മാനിച്ചതോടെയായിരുന്നു. രണ്ടു കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് അംഗത്വവിതരണം ബിജെപി നടത്തിയത്.
രാജ്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടില്‍ നിന്നും സ്വാധീനം ഉള്‍ക്കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും രാജ്യത്തെ സേവിക്കാന്‍ ഈ പ്‌ളാറ്റ്‌ഫോം ഏറെ അനുയോജ്യമാണെന്ന് 37 കാരന്‍ ഗംഭീര്‍ പറഞ്ഞു.
ഏപ്രില്‍ ,മെയ് മാസങ്ങളില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹിയില്‍ നിന്നും ഗംഭീര്‍ മത്സരിക്കും. നിലവില്‍ മീനാക്ഷി ലെഖിയുടെ സീറ്റാണ് ഇത്. ഡല്‍ഹി മണ്ഡലത്തിലെ രജീന്ദര്‍ നഗറിലാണ് ഗംഭീര്‍ താമസിക്കുന്നത്.