കാബൂള്‍ : ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള തീവ്രവാദി നേതാവിന് വേണ്ടി അമേരിക്ക തലയ്ക്ക് ഒരു കോടി വിലയിട്ട് രാജ്യം മുഴുവന്‍ തെരച്ചില്‍ നടത്തുമ്പോള്‍ ഇയാള്‍ ഒളിച്ചു താമസിച്ചത് യുഎസ് സൈനികകേന്ദ്രത്തിന്റെ തൊട്ടു പിന്നില്‍. അമേരിക്ക തെരഞ്ഞിരുന്ന കൊടുംഭീകരനായ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് ഡച്ച് മാധ്യമപ്രവര്‍ത്തകന്‍ ബെറ്റെ ഡാമാണ്. അദ്ദേഹം എഴുതിയ ‘സെര്‍ച്ചിംഗ് ഫോര്‍ ആന്‍ എനിമി’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
അമേരിക്കന്‍ സേന ഒരിക്കല്‍ ഒമറിന്റെ പാര്‍പ്പിടം കണ്ടെത്തിയെങ്കിലും തെരച്ചില്‍ നടത്തുമ്പോള്‍ ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്ന ഒമറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പുസ്തകം പറയുന്നു. ഒമറിന് വേണ്ടി അഫ്ഗാനിലും പാകിസ്താനിലും അമേരിക്ക തെരച്ചില്‍ നടത്തുന്നതിനിടയില്‍ പാകിസ്താനില്‍ ഒമര്‍ ഒരിക്കലും ഒളിവില്‍ പോയിട്ടില്ലെന്നാണ് ബെറ്റെ ഡാം പറയുന്നത്.
അഫ്ഗാന്‍ പ്രവിശ്യയായ സാബൂളിലെ യുഎസ് മിലിട്ടറി ബേസില്‍ നിന്നും മൂന്ന് മൈല്‍ ദൂരെ മാത്രമായിരുന്നു ഒമര്‍ താമസിച്ചിരുന്നത്. അഞ്ചു വര്‍ഷത്തോളം അഫ്ഗാനില്‍ ചെലവഴിച്ച് വിവിധ താലിബാന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയാണ് പുസ്തകമെഴുതിയത്. അഫ്ഗാനിസ്ഥാന്‍ താലിബാന് കീഴിലായിരുന്ന 1996 – 2001 കാലത്ത് കരുത്തനായ നേതാവായിരുന്നു.
2001 ന് ശേഷം താലിബാന്‍ നേതൃത്വത്തിലേക്ക് എത്തിയ ഒമര്‍ തികഞ്ഞ ആത്മീയ നേതാവായിരുന്നെന്നും പുസ്തകം പറയുന്നു. 2013 ല്‍ ഒമറിന്റെ മരണം രണ്ടു വര്‍ഷമാണ് താലിബാന്‍ സേന രഹസ്യമാക്കി വെച്ചത്. അല്‍ കൈ്വദാ നേതാവായിരുന്ന ഒസാമാ ബിന്‍ ലാദന് സുരക്ഷിത താവളം ഒരുക്കിക്കൊടുക്കുന്നതിന് അമേരിക്ക മോസ്റ്റ് വാണ്ടഡുകളുടെ പട്ടികയിലാണ് ഒമറിനെ പെടുത്തിയിരുന്നത്. തലയ്ക്ക് 10 ദശലക്ഷം ഡോളറായിരുന്നു വിലയിട്ടിരുന്നത്. ഒമറിന് വേണ്ടി യുഎസ് ഒട്ടേറെ തെരച്ചില്‍ നടത്തിയെങ്കിലും ഒളിത്താവളം കണ്ടെത്താനായിരുന്നില്ല.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയം അടിവരയിട്ട് പുസ്തകം സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം പുസ്തകത്തിലെ വെളിപ്പെടുത്തലിനോട് അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒമര്‍ മരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞ് 2015 ജൂലൈയിലാണ് താലിബാന്‍ ഒമറിന്റെ മരണം ഔദ്യോഗികമായി പുറത്ത് വിട്ടത്. പിതാവ് മഞ്ഞപ്പിത്തം മൂലം മരണത്തിന് കീഴടങ്ങിയതായി 2015 സെപ്തംബറിന് ഒമറിന്റെ മൂത്ത മകന്‍ മൊഹമ്മദ് യാക്കൂബ് ഓഡിയോ ടേപ്പ് പുറത്തുവിടുകയായിരുന്നു. കഴിഞ്ഞമാസമാണ് ഡാമിന്റെ പുസ്തകം പുറത്തുവന്നത്.