ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച ആദ്യ യുവതി ലിബിക്ക് കുടുക്ക്, ഉടന്‍ അറസ്റ്റിലാകും

കൊച്ചി: ശബരിമലയിലെത്തി ആചാരലംഘനത്തിന് ശ്രമിച്ച ആദ്യ യുവതി ലിബിക്ക് കുടുക്ക് മുറുകുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി ഉടന്‍ അറസ്റ്റിലാകും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്ന സന്ദേശം പ്രചരിക്കുക എന്നീ കുറ്റങ്ങള്‍ ലിബിക്കെതിരെ സെന്‍ട്രല്‍ പൊലീസ് ചുമത്തിയിരുന്നു.

2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18 നുമാണ് ഇവര്‍ മതവികാരം വൃണപ്പെടുത്തി പോസ്റ്റ് ഇട്ടത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

അവിശ്വാസിയും, ആക്ടിവിസ്റ്റുമാണന്ന് പ്രഖ്യാപിച്ചു കൊണ്ട് ശബരിമലയില്‍ ആദ്യമായി ആചാര ലംഘനത്തിനെത്തിയ യുവതിയാണ് ചേര്‍ത്തല സ്വദേശിനി ലിബി.