ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമിക്കുന്നപക്ഷം അതേനാണയത്തില്‍ തിരിച്ചടിക്കുമെന്നു വെല്ലുവിളി മുഴക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയില്‍ ഭയന്നുവിറച്ച് പാകിസ്താന്‍. ഏതുനിമിഷവും യുദ്ധം മുന്നില്‍ക്കണ്ട് ആശുപത്രികളടക്കമുള്ളവ സജ്ജമാക്കാനും അതിര്‍ത്തിഗ്രാമങ്ങളില്‍ ബങ്കറുകള്‍ തയാറാക്കാനും പാക് ഭരണകൂടം നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. നാനാവഴിയിലും ഇന്ത്യ ചെലുത്തുന്ന സമ്മര്‍ദത്തില്‍ പാകിസ്താന്‍ യുദ്ധഭീതിയില്‍ അങ്കലാപ്പിലാണ്.
ഭയചകിതരാണു പാകിസ്താനെന്നു നീക്കങ്ങളില്‍ വ്യക്തം. മറ്റെന്തിനെക്കാളും ഇന്ത്യയുടെ സൈനിക കരുത്തിനെ ഭയക്കുന്ന പാകിസ്താന്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായിരിക്കണമെന്നു സൈന്യത്തിനും ജനങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. സംഘര്‍ഷാവസ്ഥ ഏതു നിമിഷവും യുദ്ധത്തിലേക്കു വഴിമാറിയേക്കാമെന്ന ആശങ്കയിലാണു പാക് ഭരണകൂടം.
സൈനിക നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്കുപുറമേ പൊതു, സ്വകാര്യ ആശുപത്രികളും സദാ സജ്ജമായിരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണു സൂചന. പരുക്കേല്‍ക്കുന്ന സൈനികരെ ഏറ്റവും വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുന്നത് ബലൂച് പ്രവിശ്യയിലെ ആശുപത്രികളിലേക്കാണ്. സൈനികര്‍ക്ക് വൈദ്യസഹായത്തിനുള്ള ക്രമീകരണമൊരുക്കണമെന്ന് ഈ മേഖലയിലെ മുഴുവന്‍ ആശുപത്രി അധികൃതരോടും നിര്‍ദേശിച്ച് കത്തുനല്‍കി.
അതിര്‍ത്തി ഗ്രാമവാസികള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി സംഘം ചേരരുതെന്നും രാത്രികാലങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുംവിധം ലൈറ്റുകള്‍ തെളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആക്രമണമുണ്ടാകുന്നപക്ഷം രക്ഷതേടാന്‍ ബങ്കറുകള്‍ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ദേശീയ സുരക്ഷാസമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.