പട്‌ന: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ‘വന്ദേ മാതരം’ വിളിക്കാന്‍ വിസമ്മതിച്ചതില്‍ ബിഹാറില്‍ അധ്യാപകന് മര്‍ദ്ദനം. മുസ്ലീം മതവിശ്വാസിയായ അഫ്‌സല്‍ ഹുസൈനാണ് മര്‍ദ്ദനമേറ്റത്. കൈതാര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനാണ് ഹുസൈന്‍. പ്രദേശവാസികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം പ്രചരിക്കുന്നുണ്ട്.
വന്ദേ മാതരം തന്റെ മതവിശ്വാസത്തിന് എതിരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹുസൈന്‍ പിന്നീട് പ്രതികരിച്ചു. താന്‍ അല്ലാഹുവിലാണ് വിശ്വസിക്കുന്നത്. വന്ദേ മാതരം തങ്ങളുടെ വിശ്വാസത്തിന് എതിരാണ്. വന്ദേ മാതരം ഭാരത മാതാവിനുള്ള സ്തുതിയാണ്. അത് തങ്ങളുടെ വിശ്വാസമല്ല- ഹുസൈന്‍ പറഞ്ഞു. വന്ദേ മാതരം നിര്‍ബന്ധമാണെന്ന് ഭരണഘടനയില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. തനിക്കു ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും തനിക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് ഹുസൈന്‍ പിന്നീട് പ്രതികരിച്ചു.
അധ്യാപകന്റെ നടപടിയെ വിമര്‍ശിച്ച് ബിഹാര്‍ വിദ്യാഭ്യാസമന്ത്രി കെ.എന്‍ പ്രസാദ് വര്‍മ്മ തന്നെ രംഗത്തെത്തി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ദേശീയ ഗീതത്തെ അപമാനിക്കുന്നത് മാപ്പര്‍ഹിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും തനിക്ക് കിട്ടിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേശ് ചന്ദ്രദേവ് പറഞ്ഞു. വിവരം ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ ഗീതമായ വന്ദേ മാതരം ആലപിക്കുന്നതിനെ ചൊല്ലി മുന്‍പും വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സംസ്‌കൃതത്തിലുള്ള ഈ ഗീതം ഹിന്ദു ദേവതയായ ദുര്‍ഗയെ പ്രകീര്‍ത്തിക്കുന്നതാണെന്നും അത് ആലപിക്കുന്നത് ഇസ്ലാം മത വിശ്വാസത്തിന് വിരുദ്ധമാണെന്നുമാണ് ചില വിശ്വാസികള്‍ കരുതുന്നത്.