മുംബൈ: പുല്‍വാമാ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ പാകിസ്താന്‍ നയതന്ത്രം വഷളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ നിന്നും പാകിസ്താനെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക ഭരണ നിര്‍വ്വഹണ സമിതി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ്.
2019 ഏകദിന ലോകകപ്പില്‍ നിന്നും പാകിസ്താനെ വിലക്കണമെന്നും അല്ലാത്തപക്ഷം പിന്മാറുന്ന കാര്യം ഇന്ത്യയ്ക്ക് ആലോചിക്കേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യാഴാഴ്ച കിട്ടുന്ന നിയമോപദേശം അനുസരിച്ചായിരിക്കും തീരുമാനം. റായിയുടെ അനുമതിയോടെ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി കത്ത് തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്. പാകിസ്താനെ ലോകകപ്പില്‍ നിന്നും പുറത്താക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി എല്ലാ അംഗരാജ്യങ്ങള്‍ക്കുമുള്ള ശില്‍പ്പശാല ഐസിസി ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നടത്താനിരിക്കെയാണ് ഇന്ത്യയുടെ നിലപാട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ പാകിസ്താന്‍ ബന്ധം ഏറെ വഷളായിരിക്കുന്ന സാഹചര്യത്തില്‍ ലോകകപ്പില്‍ ഇരു ടീമുകളും തമ്മിലുള്ള കളി ഏറെ ആകാംഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാണുന്നത്. ഇംഗ്‌ളണ്ട് ആതിഥേയരാകാന്‍ പോകുന്ന ലോകകപ്പില്‍ ജൂണ്‍ 16 ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരം. ഈ കളിയുടെ ടിക്കറ്റുകള്‍ മുഴുവനും ഇതിനകം വിറ്റു തീരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ലോകകപ്പിന്റെ പകുതി വരുമാനം ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നതും.
പാകിസ്താനുമായി കളിക്കുന്നതിനെതിരേ അനേകം മുന്‍ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെതിരേ കളിക്കരുതെന്നും ആ മത്സരത്തിലെ പോയിന്റ് ഉപേക്ഷിച്ചാല്‍ പോലും ഫൈനല്‍ കളിക്കാന്‍ പോന്ന ടീമാണ് ഇന്ത്യയുടേതെന്നും ഹര്‍ഭജന്‍സിംഗ് വ്യക്തമാക്കുന്നു.