പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള തീരുമാനമെടുത്തത് മോഡി

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് തിരിച്ചടി നല്‍കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോഡിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോഡി ചോദിച്ചിരുന്നു.

21 മിനിട്ട് നീണ്ടു നിന്ന വ്യോമാക്രമണമാണ് ഇന്ത്യന്‍ സേന നടത്തിയത്. വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരക്യാംപുകള്‍ ആക്രമിച്ച് തിരികയായിരുന്നു ലക്ഷ്യം.

ഇതിനിടെ, ഇന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുകയാണ്. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുള്‍പ്പടെ യോഗത്തിനെത്തിയിരുന്നു.

കൃത്യമായി പാക് അധീനകശ്മീരിലെ ജയ്‌ഷെ ക്യാംപുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്.

പുല്‍വാമയ്ക്ക് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇതെല്ലാം പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു താനും.