കശ്മീരില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഭീകരര്‍ ഉപയോഗിക്കുന്നത് റിമോട്ട് ബൈക്ക് താക്കോല്‍

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ ബോംബ് സ്‌ഫോടനം നടത്താനായി ഭീകരര്‍ ഉപയോഗിക്കുന്നത് മോഷണം തടയാനായി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാമുള്ള താക്കോലുകള്‍. പുല്‍വാമയിലും ഇത്തരം റിമോര്‍ട്ട് സംവിധാനമാകാം ഉപയോഗിച്ചതെന്നാണ് നിഗമനം. മാവോയിസ്റ്റുകള്‍ ഈ രീതി നേരത്തെ മുതല്‍ പ്രയോഗിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പ്രദേശികയായി നിര്‍മ്മിക്കുന്ന ബോംബുകള്‍ പൊട്ടിക്കാന്‍ വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ചു തുടങ്ങിതെന്നാണ് ജമ്മുകശ്മീരിലെ ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി മൊബൈല്‍ ഫോണ്‍, വോക്കിടോക്കി സെറ്റ്, ഇരുചക്ര, നാലു ചക്ര വാഹനങ്ങളില്‍ മോഷണം തടയാന്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത താക്കോലുകള്‍ തുടങ്ങിയവയാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഇവ വിപണിയില്‍ സുലഭമാണ്.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. ഇതിലെ സ്‌ഫോടക വസ്തുക്കള്‍ യഥാസമയം പൊട്ടിത്തെറിക്കാന്‍ ബൈക്ക് റിമോട്ട് കണ്‍ട്രോളര്‍ കീയാകും ഉപയോഗിച്ചിരിക്കുകയെന്നാണ് നിഗമനം.