ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തെ അനുകൂലിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രാജ്യദ്രോഹിയെന്ന് അര്‍ണാബ് ഗോസ്വാമി; ചാനല്‍ ചര്‍ച്ചയില്‍ നിന്നും അതിഥികള്‍ ഇറങ്ങിപ്പോയി

മുംബൈ : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യത്തെ തള്ളി രംഗത്തെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടൂല്‍ക്കനെ രാജ്യദ്രോഹിയെന്ന് അധിക്ഷേപിച്ച് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ‘ഷെയിം ഓണ്‍ ആന്റിനാഷണല്‍’ എന്ന ഹാഷ്ടാഗോടെ സച്ചിനെയും സുനില്‍ ഗവാസ്‌കറെയും വിശേഷിപ്പിച്ചത്.

ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്ഥാനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി അവരെ പരാജയപ്പെടുത്താനുള്ള സമയമാണ് ഇതെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ലോകകപ്പ് മത്സരത്തിനിടെ കളി ഉപേക്ഷിച്ച് രണ്ട് പോയിന്റ് ഇന്ത്യ പാകിസ്ഥാന് രണ്ട് പോയിന്റ് നല്‍കുന്നതിനോട് എതിര്‍പ്പുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഒപ്പം, ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും രാജ്യം എന്ത് തീരുമാനം എടുത്താലും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു സുനില്‍ ഗവാസ്‌കറും പങ്കുവെച്ചത്.

സച്ചിനെയും സുനില്‍ ഗവാസ്‌കറെയും അധിക്ഷേപിച്ചുകൊണ്ടാണ് ചാനല്‍ ചര്‍ച്ചയില്‍ അര്‍ണബ് സംസാരിച്ചത്. ‘ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ലെന്നും സച്ചിന്‍ 100 ശതമാനവും തെറ്റാണെന്നും വല്ല ബോധവും ഉണ്ടായിരുന്നെങ്കില്‍ പാകിസ്ഥാനോട് ഇന്ത്യ കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്’ എന്നും അര്‍ണാബ് പറഞ്ഞിരുന്നു. നമുക്ക് പോയിന്റിന്റെ ആവശ്യമില്ലെന്നും മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടതെന്നും സച്ചിന് രണ്ട് പോയിന്റ് ഉണ്ടാക്കി അത് ഡസ്റ്റ്ബിന്നിന്‍ നിക്ഷേപിക്കാമെന്നും അര്‍ണബ് പറഞ്ഞു.

ഇതിനിടെ, അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാകില്ലെന്നും ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുകയാണെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. സച്ചിനെ രാജ്യദ്രോഹി എന്ന് വിളിക്കുന്ന നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ചര്‍ച്ച ബഹിഷ്‌കരിക്കവേ കുല്‍ക്കര്‍ണി പറഞ്ഞു. തൊട്ടുപിന്നാലെ ആം ആദ്മി നേതാവ് അശുതോഷും അര്‍ണബിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച ബഹിഷ്‌കരിച്ചു.

അതിഥികള്‍ ഇരുവരും പ്രതിഷേധം കടുപ്പിച്ചമതാടെ അര്‍ണബ് നിലപാട് മയപ്പെടുത്തി. സച്ചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അവരായിരുന്നു പാകിസ്ഥാനെതിരെ കളിക്കരുതെന്ന് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നത് എന്നാണ് ഉദ്ദേശിച്ചതെന്നും അര്‍ണബ് പറഞ്ഞു.