ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിലെ ചാവേര്‍ ആദില്‍ അഹമ്മദ് ദര് താമസിച്ചു വന്നത് സംഭവം നടന്ന സ്ഥലത്തു നിന്ന് വെറും 10 കിലോമീറ്റര്‍ അകലെ. സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ അത്യുഗ്ര സ്ഫോടക ശേഖരം അടങ്ങിയ സ്കോര്‍പിയോ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. രാജ്യത്തെ നടുക്കി ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
തെക്കന്‍ കാശ്മീരിലെ ഗന്ധിബാഗ് പ്രദേശത്തെ സ്കൂളില്‍ നിന്ന് ഇടയ്ക്ക്വെച്ച് പഠനം നിര്‍ത്തിയാണ് 22 കാരനായ ആദില്‍ കഴിഞ്ഞ വര്‍ഷം ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഭാഗമാകുന്നത്. 2017 മാര്‍ച്ചിലാണ് ഇയാള്‍ പഠനം ഉപേക്ഷിച്ചത്. തൊട്ടടുത്ത വര്‍ഷം ഭീകരസംഘടനയുടെ ഭാഗമാകുകയായിരുന്നു. ഭീകരാക്രമണം നടന്നതിനു പിന്നാലെ ചാവേറിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ജയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിനായി ഉപയോഗിച്ച മൂന്നാമത്തെ കശ്മീരില്‍ നിന്നുള്ള ചാവേറാണ് ആദില്‍ അഹ്മ്മദ് ദാര്‍. മറ്റ് രണ്ടു പേര് 16 കാരനായ ഫര്‍ദീന്‍ അഹ്മ്മദ് ഖാന്, 17 കാരനായ അഫ്ാഖ് അഹ്മ്മദ് ഷാ എന്നിവരായിരുന്നു. 2017 ഡിസംബര്‍ 31 ന് ലെത്പോറയിലെ സിആര്‍പിഎഫ് പരിശീലന ക്യാമ്പിനു നേരെ മൂന്ന് ഭീകരര്‍ക്കൊപ്പമാണ് ഫര്‍ദീന്‍ അഹ്മ്മദ് ഖാന് ചാവേറാക്രമണം നടത്തിയത്. അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരാണ് അന്ന് മരണപ്പെട്ടത്. 2000 ത്തില്‍ ശ്രീനഗറില്‍ പോലീസ് ആസ്ഥാനത്തേക്ക് കാര്‍ ബോംബ് ആക്രമണം നടത്തിയ ആദ്യ കശ്മീരി ചാവേറാണ് അഫാഗ്. ആക്രമണത്തില്‍ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്.
ആദില്‍ അഹ്മ്മദ് ഗാദി തക്റാനേവാല എന്നറിയപ്പെടുന്ന പുല്‍വാമ സ്വദേശിയാണ് ആദില്‍ അഹ്മ്മദ്. കകപോറയില് നിന്നുള്ള ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ജെയ്ഷെ ഭീകരസംഘടനയില്‍ ചേര്‍ന്നത്. 40 സൈനികരടങ്ങിയ ബസ് ലക്ഷ്യംവെച്ച് 350 കിലോയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച കാറാണ് ഇയാള്‍ ചാവേറാക്രമണത്തിനായി ഓടിച്ചു കയറ്റിയത്.
അതിഭീകര ആക്രമണത്തിന് പിന്നാലെ ഇയാളുടെ ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്. ‘എന്റെ പേര് ആദില്‍, കഴിഞ്ഞ വര്‍ഷമാണ് ജയ്ഷെ മുഹമ്മദ് സംഘടനയില്‍ താന്‍ ചേരുന്നത്. അങ്ങനെ ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, എന്തിനാണോ താന്‍ ജയ്ഷെയഇല് ചേര്‍ന്നത്.. അതിനുള്ള അവസരം എത്തിച്ചേര്‍ന്നിരിക്കുന്നു. ഈ വീഡിയോ നിങ്ങളിലേക്ക് എത്തുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേര്‍ന്നിരിക്കും. ഇത് കാശ്മീരിലെ ജനതയ്ക്കായുള്ള എന്റെ അവസാനത്തെ സന്ദേശമാണ്.. എന്നിങ്ങനെയായിരുന്നു അവസാനമായി പുറത്തെത്തിയ ഈ ചാവേറിന്റെ വാക്കുകള്‍. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തെത്തിയത്.