തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് തലസ്ഥാന നഗരി. ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലക്കലങ്ങളുമായി നഗരവീഥികളില്‍ ഇടംപിടിച്ചിരിക്കുന്നത്.
മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം. തോറ്റംപാട്ടിന്റെ ശീലുകളില്‍ പാണ്ഡ്യരാജ്യ നിഗ്രഹത്തോടെ കണ്ണകീ ചരിത്രം പൂര്‍ണമാകുമ്പോള്‍ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. രാവിലെ 10.15ന് പണ്ടാര അടുപ്പിലേയ്ക്ക് തീ പകര്ന്നയോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നേദിക്കല്‍ ചടങ്ങ്.
ബാരിക്കേഡുകള്‍ വെച്ചും കയര്‍ കെട്ടിയും നഗരത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.
പൊങ്കാല പ്രമാണിച്ച് തലസ്ഥാനനഗരം പൂര്‍ണമായും സുരക്ഷാവലയത്തിലാണ്. വനിതാ പൊലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് തന്നെ ഭക്തര്‍ പൊങ്കാലയിടാനുള്ള ഇടം കണ്ടെത്താന്‍ എത്തിയിരുന്നു.