കാസര്‍ഗോട് : കാസര്‍ഗോട് ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിയെ തള്ളി അറസ്റ്റിലായ പീതാംബരന്റെ കുടുംബം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് തന്റെ ഭര്‍ത്താവ് പീതാംബരനെന്ന് ഭാര്യ മഞ്ജു. പാര്‍ട്ടി അറിയാതെ പീതാംബരന് കൊല ചെയ്യില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കുവേണ്ടിയാണെന്നും ഭാര്യ പറയുന്നു.
പാര്‍ട്ടിക്കായി നിന്നിട്ട് കാര്യം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി പുറത്താക്കിയെന്ന് മകള്‍ ദേവിക കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പേടിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് അവര്‍ അച്ഛനെതിരെ ഇത്തരമൊരു നടപടിയെടുത്തതെന്നും മകള്‍ പറഞ്ഞു.
ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെ അല്ലെന്നും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആവര്‍ത്തിക്കുമ്പോഴാണ് അറസ്റ്റിലായ പീതാംബരന്റെ ഭാര്യയും മകളും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, വെട്ടിയത് താനാണെന്നും ആക്രമണം കഞ്ചാവ് ലഹരിയിലാണെന്നുമാണ് പീതാംബരന്റെ മൊഴി. അപമാനം കൊണ്ടുണ്ടായ നിരാശയിലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കഞ്ചാവ് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന മൊഴിയില്‍ പീതാംബരനും കസ്റ്റഡിയിലുള്ള ആറു പേരും ഉറച്ച് നില്‍ക്കുകയാണ്.
എന്നാല്‍, പോലീസ് മൊഴി വിശ്വാസത്തില്‍ എടുത്തിട്ടില്ല. അന്വേഷണം തങ്ങളിലേക്ക് തന്നെ ഒതുക്കുവാന്‍ പിടിയിലായവര്‍ ശ്രമം നടത്തുന്നുവെന്നും സൂചനകളുണ്ട്. അതിനാല്‍ തങ്ങള്‍ തന്നെയാണ് ആക്രമണം നടത്തിയിരിക്കുന്നത് എന്ന് ഏറ്റുപറയുന്നു. അതേസമയം, മൊഴികളില്‍ പോലീസ് വിശ്വസിക്കുന്നില്ലെന്നും പ്രതികളുടെ നീക്കം അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് പോലീസ് പറയുന്നു.
ഇരട്ടക്കൊലപാതകത്തിന് മുന്‍പ് നിരവധി കേസുകളില്‍ പീതാംബരന് പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.
ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൃത്യത്തില്‍ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കുമെന്നാണ് സൂചന.
നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തില്‍ പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.