കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. കൊലപാതകം ആസൂത്രിതമായി തന്നെ നടപ്പിലാക്കിയതാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. കൊലപാതകം പൈശാചികമാണെന്നും ചെറുപ്പക്കാര്‍ ചെയ്ത തെറ്റെന്തെന്ന് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി ഭീരുവാണെന്നും മുഖ്യമന്ത്രിക്ക് മനസാക്ഷിയുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു. ആയുധം താഴെ വയ്ക്കാന്‍ പാര്‍ട്ടിക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം അറിയിച്ചു.
പെരിയ കല്ലിയോട് സ്വദേശി കൃപേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ലാലുമാണ് മരിച്ചത്. മൂന്നംഗസംഘമാണ് ഇരുവരെയും ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവരുടെ ബൈക്കില്‍ കാറിടിപ്പിച്ച് താഴെ വീഴ്ത്തി. അതിനുശേഷം ഇരുവരെയും അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത്വെച്ച് തന്നെ മരിച്ചു.
ജനമഹായാത്രയുടെ ഇന്ന് പരിപാടികള്‍ റദ്ദാക്കി, മുല്ലപ്പള്ളി കാസര്‍കോടേക്ക് പോകും. ഇന്ന് നടത്താനിരുന്ന യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയും മാറ്റിവച്ചു. ഇന്ന് വൈകിട്ട് രമേശ് ചെന്നിത്തലയും കാസര്‍കോട്ടെത്തും.