ന്യൂഡല്‍ഹി: പാകിസ്താനിലേക്ക് കടന്നുകയറി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ച് പുല്‍വാമാ തീവ്രവാദി ആക്രമണത്തിന് മറപടി നല്കിയ ഇന്ത്യന്‍ തിരിച്ചടി ഇരു രാജ്യങ്ങളിലും ഉയര്‍ത്തിയിരക്കുന്നത് യുദ്ധസമാനമായ സാഹചര്യം. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിക്ക് അതിര്‍ത്തിയില്‍ നിന്നും 51 കിലോമീറ്ററോളം കടന്നു കയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നല്‍ ആക്രമണത്തില്‍ അമ്പരന്നിരിക്കുകയാണ് പാകിസ്താന്. 300 ലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുന്നതിന് മുമ്പായി ഇന്ത്യ തിരിച്ചടി നല്‍കുകയായിരുന്നു. 21 മിനിറ്റില്‍ ലേസര്‍ ഗൈഡഡ് ബോംബുകളായിരുന്നു ഇന്ത്യ ആക്രമണത്തിനായി ഉപയോഗിച്ചത്. 3.45 നും 3.53 നും ഇടയില്‍ ബാലാകോട്ട് ജെയ്ഷെയുടെയും ലഷ്ക്കറിന്റെയും ക്യാമ്പുകളാണ് ആദ്യം തകര്‍ത്തത്. നാലു തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ഏകദേശം 1000 കിലോയോളം സ്ഫോടക വസ്തുക്കളാണ് വര്‍ഷിച്ചത്. തീവ്രവാദി ക്യാമ്പുകള്‍ ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പോര് വിമാനങ്ങള്‍ പാക് അതിര്‍ത്തി മറികടന്നതായി ആദ്യം വാര്‍ത്ത പുറത്തു വിട്ടത് പാകിസ്താനായിരുന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യാതെയാണ് പാകിസ്താന് ഈ വിവരം പുറത്തുവിട്ടത്. പിന്നീട് അവര്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും വെളിയില്‍ വിട്ടു. എന്‍ഐഎ ഇന്ത്യന്‍ ആക്രമണം സ്ഥിരീകരിച്ച് വിവരം പുറത്തുവിട്ടു.
തീവ്രവാദി ക്യാമ്പ് ആക്രമണം ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ച് ിട്ടില്ലെങ്കിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിവരം പ്രധാനമന്ത്രിയെ അറിയിച്ചതായിട്ടാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തുന്നതായിട്ടാണ് വിവരം. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ പ്രധാനമന്ത്രി സൈന്യത്തിന് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുകയുമാണ്. മന്ത്രിമാരുടെ യോഗവും കേന്ദ്രസര്‍ക്കാര്‍ വിളിച്ചേക്കാന്‍ സാധ്യതയുണ്ട്. ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും പ്രതിരോധമന്ത്രിയും ഉള്‍പ്പെട്ട മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാനും സാധ്യതയുണ്ട്. അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് സൈന്യത്തിന് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പാക് ഭാഗത്ത് നിന്നും ഇന്ത്യന്‍ ഭാഗത്തേക്ക് ശക്തമായി വെടി ഉതിര്‍ക്കുന്നതായും ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ പാകിസ്താന് ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി മേഖലയില്‍ ഇന്ത്യയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് ഉന്നതഉദ്യോഗസ്ഥരുമായി അടിയന്തിര യോഗം ചേരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിലൂടെ ശക്തമായ തിരിച്ചടി നല്‍കുമെന്ന സൂചനയാണ് ഇന്ത്യ നല്‍കിയത്. നേരത്തേ സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ശക്തമായ തിരിച്ചടി നല്കാന് സര്‍ക്കാരിന് പിന്നില്‍ നില്‍ക്കുമെന്ന് പ്രതിപക്ഷത്തെ പ്രമുഖരായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ പെലറ്റുകള്ക്ക് സല്യൂട്ട് എന്നായിരുന്നു കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആദ്യ പ്രതികരണം വന്നത്. നേരത്തേ തീവ്രവാദികള്‍ക്ക് തിരിച്ചടി നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെ പുല്‍വാമ ആക്രമണം രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചടി നല്‍കാത്തത് എന്ത് എന്ന് പ്രതിപക്ഷത്തെ ചില പ്രതിനിധികള്‍ സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തിരുന്നു.