സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി അനധികൃതമായി സൗദിയില്‍ വീട്ട് ജോലിക്കെത്തി; അനുഭവിക്കേണ്ടി വന്നത് കൊടും ഗാര്‍ഹിക പീഡനം; ഒടുവില്‍ അഭയകേന്ദ്രത്തില്‍

റിയാദ്: സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയ മലയാളി യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമുണ്ടെങ്കിലും നാട്ടില്‍ അമ്മയുടെയും അനുജന്മാരുടെയും കഷ്ടപ്പാട് കണ്ട് സഹിക്കാനാവാതെയാണ് ജീവിത മാര്‍ഗം തേടി ഇവര്‍ സൗദിയിലേക്ക് പോയത്. 35 വയസില്‍ താഴെയുള്ളവര്‍ക്ക് വീട്ടുജോലിക്കാരുടെ വിസയില്‍ വിദേശത്തേക്ക് പോകാനാവില്ല. അതിനാല്‍ ഒരു റിക്രൂട്ടിങ് ഏജന്‍സിയുടെ സഹായത്തോടെ അനധികൃതമായി സൗദിയിലേക്ക് കടക്കുകയായിരുന്നു.

അച്ഛന്‍ ഉപേക്ഷിച്ച് പോയശേഷം വീട്ടുജോലിക്ക് പോയാണ് അമ്മ താനും രണ്ട് അനുജന്മാരും ഉള്‍പ്പെടുന്ന കുടുംബം പുലര്‍ത്തിയത്. വീട്ടിലെ ദുരിതം തീര്‍ക്കാനായി നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീടാണ് സൗദിയില്‍ വീട്ടുജോലിക്ക് പോകാന്‍ തീരുമാനമെടുത്തത്. ഓഫീസ് ജോലിയാണെന്നായിരുന്നു അമ്മയോട് പറഞ്ഞിരുന്നത്. 1500 റിയാല്‍ ശമ്പളം ലഭിക്കുമെന്ന് അറിഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ ഒന്നര വര്‍ഷം മുന്‍പ് സൗദിയിലെത്തുകയായിരുന്നു.

റിയാദിലെ ഒരു വീട്ടില്‍ ആദ്യമെത്തിയ യുവതി ഒരു വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തു. വീട്ടുകാരുടെ പീഡനം സഹിക്കാനാവാതെ ഇവിടെ നിന്ന് രക്ഷപെടുകയും ഏജന്‍സിയുടെ സഹായത്തോടെ മറ്റൊരു വീട്ടില്‍ ജോലിക്ക് കയറുകയുമായിരുന്നു. ഇവിടെ വീട്ടിലെ സ്ത്രീകളാണ് പീഡിപ്പിച്ചത്. ഇതിനിടെ പീഡന വിവരം അമ്മയെ അറിയിച്ചു. ഇതോടെ മകളെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് അമ്മ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി. ഇതിനിടെ ഇവിടെ നിന്ന് രക്ഷപെട്ട് അഭയ കേന്ദ്രത്തിലെത്തുകയായിരുന്നു.