സാധാരണക്കാരനെന്താ യൂ ട്യൂബ് ചാനല്‍ ആയിക്കൂടേ..;. ചാനലിന് 10 ലക്ഷം വരിക്കാര്‍… മാസവരുമാനം രണ്ടുലക്ഷം

ലോകം മുഴുവന്‍ മലയാളി ആസ്വാദകരുള്ള എം ഫോര്‍ ടെക് യു ട്യൂബ് ചാനല്‍ പിറന്നത് തൃശൂര്‍ പൊയ്യയെന്ന സാധാരണ ഗ്രാമത്തിലാണ്. സാധാരണക്കാരായ രണ്ടു യുവാക്കള്‍ തുടങ്ങിയ ഈ യു ട്യൂബില്‍ ചാനലിന് പത്തു ലക്ഷം വരിക്കാരാണുള്ളത്. നാടന്‍ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്ന എം ഫോര്‍ ടെക് യു ട്യൂബ് ചാനലില്‍ നിന്ന് ഈ യുവാക്കള്‍ക്ക് കിട്ടുന്നത് പ്രതിമാസം രണ്ടു ലക്ഷം രൂപയാണ്.

ഉറ്റചങ്ങാതിമാരായ ജിയോ ജോസഫും പ്രവീണ്‍ ജോസഫുമാണ് ഈ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. പോളിടെക്‌നിക് വിദ്യാഭ്യാസത്തിനു ശേഷം ഖത്തറിലായിരുന്ന ജിയോ ജോസഫ് യു ട്യൂബ് ചാനല്‍ സജീവമാക്കാന്‍ ജോലി രാജിവച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. പോളിടെക്‌നിക് കോളജില്‍ പഠിച്ചത് ജിയോ ജോസഫ് ആണെങ്കിലും ചാനല്‍ തുടങ്ങിയത് കൂട്ടുകാരനായ പ്രവീണ്‍ ജോസഫാണ്. പ്രവീണിന് കമ്പം കാമറയിലാണ്. ജിയോ അവതരിപ്പിക്കും. പ്രവീണ്‍ പകര്‍ത്തും. പിന്നെ , യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യും.

തട്ടിന്‍പുറത്തെ ടാങ്കിലെ ചെളി നീക്കാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത വിദ്യ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദ്യകള്‍ തനിനാടനായി അവതരിപ്പിക്കുന്നതാണ് ഈ കൂട്ടുകെട്ടിന്റെ വിജയം. യു ട്യൂബില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് വീടു നിര്‍മിക്കുകയാണ് ജിയോ ജോസഫ്. യു ട്യൂബ് ചാനല്‍ വഴി പ്രശസ്തരായതോടെ നിരവധി കമ്പനികള്‍ പല ഉല്‍പന്നങ്ങളുടേയും പ്രചാരണത്തിനു വേണ്ടി ഇവരെ സമീപിച്ചു.

വന്‍ തുകയും വാഗ്ദാനം ചെയ്തു. പക്ഷേ, സ്വന്തമായി കണ്ടെത്തി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ മാത്രം അവതരിപ്പിച്ചാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് ഇവര്‍. ഇതിനു കാരണമായി പറയുന്നത് പ്രേക്ഷകരുടെ വിശ്വാസ്യത നിലനിര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധിയാണ്.

LEAVE A REPLY