രാഹുല്‍ഗാന്ധിയുടെ പരിപാടിയിലും താരമായത് ഉമ്മന്‍ചാണ്ടി; ആരവവും ആര്‍പ്പ് വിളിയും കൊണ്ട് നിറഞ്ഞ് സദസ്, വെട്ടിമാറ്റിയ ചെന്നിത്തലയ്ക്ക് രൂക്ഷ വിമര്‍ശനം

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമത്തില്‍ താരമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രസംഗത്തിന്റെ തുടക്കത്തില്‍ രാഹുല്‍ഗാന്ധി നേതാക്കന്മാരുടെ പേര് പറഞ്ഞപ്പോള്‍ ഏറ്റവും അധികം ആരവവും ആര്‍പ്പ് വിളിയും ഉയര്‍ന്നത് ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞപ്പോഴായിരുന്നു. അദ്ദേഹം പ്രസംഗിക്കാനെത്തിയപ്പോഴും ഇതേ ആരവം തുടര്‍ന്നു.

മറ്റ് നേതാക്കന്മാര്‍ക്കുള്ളതിനേക്കാള്‍ ആവേശത്തോടെയാണ് ഉമ്മന്‍ചാണ്ടിയെ സ്വീകരിച്ചത്. പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭാഗം ഒഴിവാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പോസ്റ്റിന് താഴെയും അണികള്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെ രാഹുലിന്റെ കൂടുതല്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രവും ചെന്നിത്തല ഉള്‍പ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ശേഷം സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കാതെ മാറിനില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ ആന്ധ്രയുടെ ചാര്‍ജുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി, കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും എന്നാണ് വിവരം.