ഗോവന്‍ ബീച്ചുകളില്‍ മദ്യപിക്കുകയോ ഭക്ഷണം പാചകം ചെയ്യുകയോ ചെയ്താല്‍ 2000 രൂപ പിഴ

പനാജി: ഗോവയിലെ ബീച്ചുകളില്‍ പരസ്യമായുള്ള മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത്തരത്തില്‍ മദ്യപിച്ചാല്‍ 2000 രൂപ പിഴയോ മൂന്ന് മാസത്തെ തടവോ നല്‍കാനുള്ള ഭേദഗതിക്ക് ഗോവ സര്‍ക്കാര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കി.

ഇതിന് പുറമെ സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടാല്‍ 10,000 രൂപ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി മനോഹര്‍ അജ്ഗഓങ്കാര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്.

ഈ മാസം 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് മനോഹര്‍ അജ്ഗഓങ്കാര്‍ പറഞ്ഞു. ബീച്ചുകളില്‍ കുപ്പി തല്ലിപ്പൊട്ടിക്കുക പാചകം മദ്യം കുടിക്കുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.