ജോര്‍ജ്ജിനെ കുടുക്കാന്‍ കരുനീക്കം: ജീവനക്കാരനെ മര്‍ദിച്ചകേസില്‍ പോലീസ് നടപടി

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി. ജോര്‍ജ് എം.എല്‍.എ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍നടപടികള്‍ക്ക് ഒരുങ്ങി പോലീസ്. കേസിലെ ജോര്‍ജ്ജിന്റെ മൊഴിയടുക്കുന്നതിന് അനുമതിതേടി പൊലീസ് നിയമസഭസെക്രട്ടറിക്ക് കത്തുനല്‍കി. സെക്രട്ടറിയുടെ അനുമതി കിട്ടിയാലുടന്‍ പോലീസ് നടപടിയുമായി മുന്നോട്ടുനീങ്ങും. മ്യൂസിയം പോലീസിനാണ് അന്വേഷണ ചുമതല.

വട്ടിയൂര്‍ക്കാവ് സ്വദേശി മനുവാണ് പരാതിക്കാരന്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. തന്റെ മുറിയിലേക്ക് ഊണ് എത്തിക്കാന്‍ ജോര്‍ജ് കാന്റീനിലേക്ക് ഫോണ്‍ ചെയ്ത് ആവശ്യപ്പെട്ടിരുന്നു. നിര്‍ദ്ദേശപ്രകാരം ആഹാരവുമായി എത്തിയ ക്യാന്റീന്‍ ജീവനക്കാരനെ വൈകിയെത്തിയെന്ന് ആരോപിച്ച് പി.സി. ജോര്‍ജ്ജ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.

എന്നാല്‍ ആരോപണം ശരിയെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളും സാക്ഷികളെയും കണ്ടത്തൊന്‍ കടമ്പകളേറെയുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. സംഭവം നടന്നത് എം.എല്‍.എയുടെ മുറിക്കുള്ളിലാണ്. ഈസമയം പേഴ്‌സനല്‍ സ്റ്റാഫ് മുറിയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തെളിവുശേഖരണം പൊലീസിന് വെല്ലുവിളിയാകും. മനു പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം.