മലയാളികളെ സങ്കടത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് കലാഭവന്‍ മണി വിടവാങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. മലയാള സിനിമയ്ക്കും കലാസാംസ്‌കാരിക മേഖലയ്ക്കും നികത്താനാവാത്ത നഷ്ടമായിരുന്നു കലാഭവന്‍ മണിയുടെ വേര്‍പാട്. സിനിമയ്ക്ക് പുറമെ നാടന്‍ പാട്ടുകളെയും വരും തലമുറയുടെ ഹൃദയങ്ങളില്‍ നില ഉറപ്പിച്ച് നിര്‍ത്താന്‍ മണിക്കായി. മലയാളി ഹൃദയങ്ങളില്‍ നൊമ്പരപ്പെടുത്തുന്ന ഒരു ഓര്‍മയായി മണി ഇന്നും ജീവിക്കുന്നു.
ചാലക്കുടിയില്‍ രാമന്‍-അമ്മിണി ദമ്പതികളുടെമകനായി 1971ലാണ് മണിയുടെ ജനനം. ദരിദ്രകുടുംബാംഗമായിരുന്ന മണി ഓട്ടോറിക്ഷ ഓടിച്ചാണ് കഴിഞ്ഞുകൂടിയിരുന്നത്. പിന്നീട് മിമിക്രിയിലൂടെയും നാടകത്തിലൂടെയും മണി കലാഭവനിലെത്തി. അങ്ങനെ കലാഭവന്‍ മണി അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോ റിക്ഷ ഡ്രൈവറുടെ വേഷത്തില്‍ സിനിമയില്‍ അരങ്ങേറി. പിന്നീട് സുന്ദര്‍ദാസ് ഒരുക്കിയ സല്ലാപം എന്ന ചിത്രം മണിയുടെ കരിയറിലെ ഒരു ബ്രേക്ക് ആയിരുന്നു.
പിന്നീടങ്ങോട്ടുള്ള ചിത്രങ്ങളില്‍ കലാഭവന്‍ മണിയും, മണിയുടെ തമാശയും ഒരു പതിവായി മാറിയിരുന്നു. 1999ല്‍ എത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മണിയുടെ അഭിനയ കഴിവിനെ സിനിമലോകം അറിഞ്ഞു. ചിത്രത്തില്‍ അന്ധനായ രാമു എന്ന കഥാപാത്രമായി മണി ജീവിക്കുകയായിരുന്നു. അത് മികച്ച നടനുള്ള ദേശീയ അവാര്‍ഡിനരികില്‍ വരെ മണിയെ എത്തിച്ചു. എന്നാല്‍ പുരസ്‌ക്കാരം പ്രത്യേക ജൂറി പുരസ്‌ക്കാരത്തിലൊതുങ്ങിയപ്പോള്‍ കുഴഞ്ഞു വീണും മണി അന്ന് വാര്‍ത്തകളില്‍ ഇടംനേടി.
കരുമാടിക്കുട്ടന്‍, ബെന്‍ജോണ്‍സണ്‍, ആയിരത്തില്‍ ഒരുവന്‍, ലോകനാഥന്‍ IAS, കേരള പൊലീസ്, റെഡ് സല്യൂട്ട് തുടങ്ങി ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പരമ്പരാഗത നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാന്‍ മണിക്ക് സാധിച്ചു. മലയാളത്തില്‍ തളച്ചിടാന്‍ കഴിയുന്നതായിരുന്നില്ല കലാഭവന്‍ മണി എന്ന പ്രതിഭ. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ മണി തന്റേതായ സ്ഥാനം നേടി.
സിനിമലോകത്ത് മറ്റാര്‍ക്കും എത്തിപ്പെടാവുന്നതിനപ്പുറം ഉയരങ്ങളിലെത്തിയെങ്കിലും തന്റെ നാടന്‍പാട്ടുകളെ ഉപേക്ഷിക്കാന്‍ മണി തയ്യാറായിരുന്നില്ല. കാസറ്റുകളിലൂടെയും ആല്‍ബങ്ങളിലൂടെയും നാടന്‍ പാട്ടിനെ മണി കേരളത്തിലെ ജനങ്ങളുടെ മനസുകളില്‍ എത്തിച്ചു.
ഒടുവില്‍ ചാലക്കുടിയിലെ പാടിയെന്ന സ്വാകര്യവിശ്രമകേന്ദ്രത്തിലെ മദ്യപാനസദസ് കഴിഞ്ഞ് മാര്‍ച്ച് 5ന് അബോധാവസ്ഥയില്‍ മണിയെ കൊച്ചിയിലെ ആശുപത്രിക്കിടക്കയിലെത്തിച്ചു. തൊട്ടു പിറ്റേന്നാള്‍ മാച്ച് 6ന് ഒരു ദുരന്തചിത്രത്തിന്റെ ക്ലൈമാക്‌സ് പോലെ മണിയാത്രയായി; ഒരുപാടു ചോദ്യങ്ങള്‍അവശേഷിപ്പിച്ച് കൊണ്ട്. ഇപ്പോഴും മലയാളികള്‍ തേടുന്നത് മണിയുടെ മരണ വാര്‍ത്തയുടെ വ്യക്തമായ ഉത്തരമാണ്.