ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ ഏക മകനായതിനാല്‍ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശി താനാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചീഫ് സെക്രട്ടറിയ്ക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും സ്വത്തുക്കള്‍ കൈമാറാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു. തന്റെ അമ്മയെ ശശികല കൊലപ്പെടുത്തിയതാണെന്നും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും തനിക്ക് അറിയാമെന്നും കൃഷ്ണമൂര്‍ത്തി അവകാശപ്പെടുന്നു. ഭയം കൊണ്ടാണ് ഇതുവരെ ഇക്കാര്യം തുറന്നു പറയാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ തനിക്ക് ധൈര്യമുണ്ട്.ജയലളിതയുടെ അടുത്ത സുഹൃത്തും തന്റെ വളര്‍ത്തുമാതാവുമായ വനിതാമണി എന്ന സ്ത്രീയുടെ കൂടെയാണ് താന്‍ ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. പലപ്പോഴും പോയസ് ഗാര്‍ഡനിലെത്തി ജയലളിതയെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ നാലു ദിവസം പോയസ് ഗാര്‍ഡനിലെത്തിയ താന്‍ അമ്മയുടെ കൂടെ താമസിച്ചിട്ടുണ്ടെന്നും യുവാവ് അവകാശപ്പെടുന്നു. ലോകത്തിനു മുന്നില്‍ തന്നെ അവതരിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍, ശശികലയാണ് അതിന് തടസ്സം നിന്നത്.