പാലക്കാട്: വാളയാര്‍ അട്ടപ്പള്ളം പാമ്പാംപള്ളത്ത് ഒമ്പത് വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംശയത്തിന്റെ നിഴലിലുള്ളവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പാമ്പാംപള്ളത്തെ ഷാജിയുടെ മകള്‍ ശരണ്യയെയാണ് ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അട്ടപ്പള്ളം ജി.എല്‍.പി.എസിലെ നാലാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്ന ശരണ്യയെ വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ജില്ല ആശുപത്രിയിലെ സീനിയര്‍ പൊലീസ് സര്‍ജന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതക സാധ്യത അന്വേഷിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ കേസുകളില്‍ തൂങ്ങിമരണം കൊലപാതകമാകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്‌ധോപദേശം. മല്‍പിടിത്തത്തിന്റെ പരിക്കുകള്‍ കുട്ടിയുടെ ദേഹത്തില്ല. ചെറിയ കുട്ടിയായതിനാല്‍ ഇതിന്റെ സാധ്യത കുറവാണെന്നാണ് വിദഗ്ധാഭിപ്രായം. ഇതേ വീട്ടില്‍ 52 ദിവസം മുമ്പ് ശരണ്യയുടെ 14 വയസ്സുള്ള സഹോദരി ഹൃത്വികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. ശരണ്യയുടെ അമ്മ ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള കുട്ടിയാണ് ഹൃത്വിക.
സഹോദരി മരിച്ചത് ആദ്യം കണ്ടത് ശരണ്യയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ശരണ്യ മൊഴി നല്‍കിയിരുന്നു. കുട്ടിയെ കൗണ്‍സലിങ്ങ് വിധേയമാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മാതാപിതാക്കള്‍ താല്‍പര്യമെടുക്കാത്തതിനാല്‍ നടന്നിരുന്നില്ല.
ഹൃത്വികയുടെ മരണത്തില്‍ സംശയമുന്നയിച്ച് നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതോടെ കേസ് കൂടുതല്‍ ശക്തമാകുന്ന സാഹചര്യവുമെത്തി. ഇതിനിടയിലാണ് കേസിലെ ഏക ദൃക്‌സാക്ഷിയും സഹോദരിയുമായ ശരണ്യയെയും സമാന രീതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. ഉത്തരത്തിന് കുട്ടിയേക്കാള്‍ ഒരുപാട് ഉയരമുള്ളതും, എളുപ്പത്തില്‍ ഉത്തരത്തില്‍ എത്തിച്ചേരുക കുട്ടിക്ക് പ്രയാസമാണെന്നതും ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. ഇതാണ് കൊലപാതക സംശയം തുടക്കത്തെ ഉന്നയിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചതും, പോലീസില്‍ സംശയമുണര്‍ത്തിയതും.