ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. നാലുവര്‍ഷത്തെ തടവുശിക്ഷ ശരിവെച്ചു.
ജസ്റ്റിസുമാരായ അമിതാവ റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ച് ഇന്നു രാവിലെ 10.30-നായിരുന്നു വിധി പ്രസ്താവിച്ചത്. വിധി തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ നീക്കങ്ങള്‍ക്കെല്ലാം തിരിച്ചടിയായി. നാലു വര്‍ഷം തടവ് അനുഭവിക്കാനും 10 കോടി പിഴയടയ്ക്കാനും ഉടന്‍ ബംഗുളൂരു കോടതിയില്‍ കീഴടങ്ങാനുമാണ് നിര്‍ദേശം. കേസില്‍ ബാക്കിയുള്ളവര്‍ അടിയന്തിരമായി കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. ആയിരം പേജുകള്‍ വരുന്ന വിധിന്യയാമായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ചത്.
കേസ് റദ്ദാക്കിയുള്ള കര്‍ണാടകാ ഹൈക്കോടതി വിധി റദ്ദാക്കുകയും വിചാരണക്കോടതിയുടെ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രി ശ്രമങ്ങള്‍ അവസാനിക്കും. പത്തു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. മുന്‍ മുഖ്യമന്ത്രി ജയലളിത, ശശികലയുടെ ബന്ധുക്കളായ ജെ. ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരാണു കേസിലെ മറ്റ് ആരോപണവിധേയര്‍. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991-96 കാലത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണു കേസ്.