നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈലിനായി കായലിലും തിരച്ചില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനായി കായലിലും തെരച്ചില്‍. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. പൊലിസിന്റെ ആവശ്യപ്രകാരം നാവികസേന തെരച്ചിലിന് നേതൃത്വം നല്‍കിയത്. എന്നാല്‍ കാര്യമായ തെളിവുകള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ തിരച്ചില്‍ സംഘത്തിന് സാധിച്ചില്ല.
ഫോണ്‍ കണ്ടെത്തുന്നതിനായി പൊലീസ് നെട്ടോട്ടത്തിലാണ്. കണ്ടെത്താനായില്ലെങ്കില്‍ കേസിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

 

മൊബൈല്‍ ഉപേക്ഷിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. മുമ്പ് മൊബൈല്‍ ഓടയില്‍ ഉപേക്ഷിച്ചിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പ്രതി വീണ്ടും മൊഴിമാറ്റി. പ്രതി പറഞ്ഞതനുസരിച്ച് പലയിടങ്ങളിലും പൊലീസ് മൊബൈലിനായി തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനി ഒടുവില്‍ നല്‍കിയ മൊഴിയനുസരിച്ചാണ് ഇപ്പോള്‍ കായലില്‍ മുങ്ങിത്തപ്പിയത്.