ന്യൂഡല്‍ഹി : 14 മത് പ്രവാസി ഭാരതീയ സമ്മേളനത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിരവധി പദ്ധതികള്‍ മോഡി പ്രഖ്യാപിച്ചുവെങ്കിലും പ്രവാസികള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും അനധികൃത വിദേശ റിക്രൂട്ട്‌മെന്റ് തടയുമെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കള്ളപ്പണവേട്ടയെ പ്രവാസി ഇന്ത്യക്കാരും പിന്തുണച്ചു. അനധികൃത റിക്രൂട്ടിങ് ഏജന്‍സികളെ തടയുമെന്നും രാജ്യത്തിന് പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോഡി തന്റെ പ്രംസംഗത്തില്‍ വ്യക്തമാക്കി.
21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്ന് താന്‍ ആത്മവിശ്വാസത്തോടെ പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മുന്നോട്ട് പോകുന്നത് പ്രവാസികളുടെ സഹായത്തോടെയാണ്. ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. എഫ്.ഡി.ഐ എന്നാല്‍ നേരിട്ടുള്ള വിദേശനിക്ഷേപം മാത്രമല്ലം ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ എന്നു കൂടിയാണ്. വിദേശത്ത് ജോലി തേടുന്നവര്‍ക്കായി കേരളം നൈപുണ്യ വികസനപദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമത്തിനായുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ വളരെ സജീവമായി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിനല്‍) കാര്‍ഡുള്ളവര്‍ അത് ഒസിഐ (ഓവര്‍സീസ് സിറ്റികണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കിമാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗുളൂരുവില്‍ തിങ്കളാഴ്ച വരെയാണ് സമ്മേളനം.