തിരുവനന്തപുരം: ഇന്ത്യയ്ക്ക് വേണ്ടാത്തവരെ സ്വീകരിക്കാനുള്ള സ്ഥലമല്ല പാകിസ്ഥാനെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ആരും ഇന്ത്യയില്‍നിന്നും പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ് ബുക്ക് ലൈവ് മുഖേന പ്രേക്ഷകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകായായിരുന്നു അദ്ദേഹം.
ബി.ജെ.പി ഒരാളോടും ഇനി പാകിസ്താനില്‍ പോകാന്‍ പറയില്ല. വാസ്തവത്തില്‍ പാകിസ്ഥാനിലുള്ളവര്‍ കൂടി ഇന്ത്യയില്‍ വരണമെന്നതാണ് ഞങ്ങളുടെ നിലപാട്. എല്ലാ വിമര്‍ശനങ്ങളോടും ബി.ജെ.പി സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. ആരോടും ബി.ജെ.പി അസഹിഷ്ണുതയോടെ പെരുമാറിയിട്ടില്ല. എന്നാല്‍ ഞങ്ങളെ വിമര്‍ശിക്കുന്നവരെ തിരിച്ചും വിമര്‍ശിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ഇത്തരം വിമര്‍ശനങ്ങള്‍ ആവശ്യമാണെന്നും എ.ടി രമേശ് പറയുന്നു.
വിമര്‍ശനത്തിനുള്ള അവകാശം ആരുടെയും കുത്തകയല്ല. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് മാതൃകകളാകേണ്ടവര്‍ പരസ്യമായി ദേശീയ വികാരങ്ങളെ ബഹുമാനിക്കാതിരിക്കുന്നതിനെതിരെ ആളുകള്‍ പ്രതികരിക്കും. അതാണ് അടുത്തിടെ കേരളത്തില്‍ ഉണ്ടായതെന്ന് കമലിന്റെ പേരെടുത്ത് പറയാതെ എം.ടി രമേശ് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണത്തെ എതിര്‍ക്കുന്നു എന്ന വ്യാജേന കോണ്‍ഗ്രസും സി.പി.ഐ.എമ്മും കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ സമരം ചെയ്യുന്നതെങ്കില്‍ നോട്ട് പിന്‍വലിക്കലിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിച്ചതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. എന്നിട്ടും നിലപാട് മാറ്റാത്തത് ഇവര്‍ കള്ളപ്പണക്കാര്‍ക്കൊപ്പമെന്നാണന്നതിന്റെ തെളിവാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. അസാധുവാക്കലിനെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ മാത്രമാണ് അല്‍പ്പം പ്രതിസന്ധി ഉള്ളത്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമ്പോള്‍ അതും പരിഹരിക്കപ്പെടുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.