കണ്ണൂരില്‍ കോടിയേരിയുടെ വേദിക്കരികെ ബോംബേറ്; കുറ്റവാളികള്‍ക്ക് മാപ്പില്ലെന്ന് പിണറായി

    കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പൊതുയോഗ സ്ഥലത്തിന് സമീപം ബോംബേറ്. തലശേരി നങ്ങാറാത്ത് പീടികയില്‍ കോടിയേരിയും ജില്ലാ സെക്രട്ടറി പി ജയരാജനും പങ്കെടുത്ത കെ പി ജിജേഷ് അനുസ്മരണ പൊതുയോഗത്തിനിടെയാണ് സംഭവം. ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

    സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
    പൊതുയോഗം നടക്കുന്ന വേദിക്ക് 100 മീറ്റര്‍ അകലെയാണ് ബോംബേറുണ്ടായത്. സംഭവ സമയത്ത് നേതാക്കള്‍ എല്ലാം വേദിയില്‍ ഉണ്ടായിരുന്നു. ബൈക്കില്‍ എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണ് ആര്‍ എസ് എസ് നടത്തുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.