കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രിതിയാക്കി എഫ്.ഐ.ആര്‍ ഇട്ടതോടെ ഇനി തെളിയേണ്ടത് പിണറായി വിജയന്റെ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ബന്ധു നിയമനത്തില്‍ പിണറായി വിജയന്റെ പങ്കാണ് ഇനി തെളിയേണ്ടത്. ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത് ഭരണഘടനാ ലംഘനവും അഴിമതിയുമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് വ്യക്തമായതിനാല്‍ പിണറായി വിജയന്റെ പങ്ക് കൂടി അന്വേഷിക്കാതെ പൂര്‍ണമാകില്ല.’ ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം;
ഇ പി ജയരാജനെതിരേ എഫ് ഐ ആര്‍ രേഖപ്പെടുത്തി പ്രതിപട്ടികയില്‍ ചേര്‍ത്തതോടെ അന്വേഷിക്കാന്‍ ഒരു കാര്യം കൂടി ബാക്കിയുണ്ട്. ബന്ധു നിയമനത്തില്‍ പിണറായി വിജയന്റെ പങ്കാണ് ഇനി തെളിയേണ്ടത്.ബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചത് ഭരണഘടനാ ലംഘനവും അഴിമതിയുമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് പൂര്‍ണ്ണമായും ശരിയാണെന്ന് വ്യക്തമായതിനാല്‍ പിണറായി വിജയന്റെ പങ്ക് കൂടി അന്വേഷിക്കാതെ പൂര്‍ണമാകില്ല. 42 ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിധി. കഴിയുന്നത്ര കേസ് നീട്ടിക്കൊണ്ടു പോകാനാണ് വിജിലന്‍സ് ശ്രമിച്ചത്. 89 ദിവസം പിന്നിട്ട ശേഷമാണ് ഇപ്പോള്‍ അന്വേഷണ നടപടി ഉണ്ടായത്.
വിജിലന്‍സില്‍ ഞാന്‍ പരാതി നല്‍കുമ്പോള്‍ ഈ അഴിമതി പുറത്തു കൊണ്ടുവരാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. വൈകിയാണെങ്കില്‍ പോലും വിശദമായ അന്വേഷണത്തിനു തയാറായത് തികച്ചും സ്വാഗതാര്‍ഹമാണ്. ഒക്ടോബര്‍ എട്ടിന് വിജിലന്‍സിന് നല്‍കിയ പരാതിയിന്മേലാണ് ഇപ്പോള്‍ എഫ്.ഐ.ആറിട്ട് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നതര്‍ക്കെതിരായ അന്വേഷണം വൈകിപ്പിക്കുന്നു എന്ന കോടതിയുടെ നിശിത വിമര്‍നത്തെത്തുടര്‍ന്നാണ് ഇപ്പോഴെങ്കിലും വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കൊലക്കേസില്‍ പ്രതിയായ എം.എം.മണി വിചാരണ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ മെഴ്‌സിക്കുട്ടി അമ്മ വിജിലന്‍സിന്റെ ത്വരിതാന്വേഷണം നേരിടുന്നു. ഏഴുമാസത്തിനിടയില്‍ മൂന്ന് പേര്‍ കുടുങ്ങിയതോടെ ഇതുവരെ പറഞ്ഞ ആദര്‍ശമെല്ലാം കാപട്യമാണെന്നു തെളിഞ്ഞു കഴിഞ്ഞു. തിരുവനന്തപുരത്ത് ആദ്യമായി കേന്ദ്രകമ്മിറ്റി യോഗം നടക്കുമ്പോള്‍ തന്നെയാണ് ജയരാജനെതിരായ എഫ് ഐ ആര്‍ രേഖപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്തു വരുന്നത്. ബന്ധുനിയമനം ചര്‍ച്ച ചെയ്യാന്‍ പോലും മനസ് കാണിക്കാത്ത കേന്ദ്രകമ്മറ്റി, ഇ പി ജയരാജന്റെ കാര്യത്തില്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തെ കുറിച്ച് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു ആകാംഷയുണ്ട്.