‘തെരുവുനാടകത്തിലൂടെ പബ്ലിസിറ്റിനേടാന്‍ ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല’

കാസര്‍കോട്: സംവിധായകന്‍ കമലിനു പിന്തുണയര്‍പ്പിച്ച് തെരുവു നാടകം കളിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ക്കു മികച്ച മറുപടിയുമായി നടന്‍ അലന്‍സിയര്‍. തനിക്കു സിനിമയില്‍ നിന്നും പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും പബ്ലിസിറ്റിക്കായി തെരുവിലിറങ്ങി നാടകം കളിക്കാന്‍ മാത്രം ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

കമലിന് എതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങളില്‍ തെരുവുനാടകം കളിച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് പബ്ലിസിറ്റിയുടെ പേരില്‍ അലന്‍സിയര്‍ക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അവയൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലാണ് താരം.

കമലിന് എതിരായ പ്രതിഷേധങ്ങളില്‍ പ്രമുഖ താരങ്ങളടക്കം സിനിമാ ലോകം മൗനമാചരിച്ചപ്പോള്‍ അലന്‍സിയറിന്റെ പ്രതിഷേധം ശ്രദ്ധനേടിയിരുന്നു. സംഭവത്തിന് പിന്നാലെ കമലിനെ പിന്തുണച്ച് മമ്മൂക്കോയയും രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായി.