ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വാട്‌സ്ആപ്പില്‍ ചാറ്റിങിനിടെ അക്കിടി പറ്റാത്തവര്‍ ചുരുക്കും. അയക്കുന്ന മെസേജുകള്‍ വ്യക്തികള്‍/ഗ്രൂപ്പുകള്‍ തുടങ്ങിയവ മാറിപ്പോവുകയോ, സന്ദേശം അയച്ചതിന് ശേഷം അബദ്ധമായിപ്പോയെന്ന് തോന്നുകയോ ചെയ്യുക പുതിയ സംഭവമല്ല. കൈവിട്ട കല്ലും, അയച്ച മെസേജും ഒരുപോലെ, എന്തുചെയ്താലും തിരിച്ചെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരം അബദ്ധങ്ങള്‍ക്ക് പ്രതിവിധി ഒരുക്കിയിരിക്കുകയാണ് വാട്‌സ്ആപ് ഇപ്പോള്‍.
അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പിന്റെ പുതിയ സംഭാവന. ഇതനുസരിച്ച് നാം അയച്ച മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഐഒഎസ് 2.17.1.1869 ബീറ്റ വേര്‍ഷനില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പുതിയതായി അയച്ച മെസേജുകള്‍ മാത്രമേ ഇത്തരത്തില്‍ തിരിച്ചുവിളിക്കാനോ എഡിറ്റ് ചെയ്യാനോ കഴിയുകയുള്ളൂ. പഴയ മെസേജുകളില്‍ കഴിയില്ല. അയച്ച മെസേജ്, ലഭിച്ചയാള്‍ വായിക്കുന്നതിന് മുമ്പ് തിരിച്ചുവിളിക്കണമെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളില്‍ അന്തിമി റിപ്പോര്‍ട്ട് വാട്‌സ്ആപ്പ് അധികൃതര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.