സത്യം ശിവം സുന്ദരം നായിക തിരിച്ചു വരുന്നു

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്‌റെ നായികയായെത്തി ആരാധകരുടെ മനം കവര്‍ന്ന അശ്വതി നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. റാഫി മെക്കാര്‍ട്ടിന്‍ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലൂടെയാണ് അശ്വതിയുടെ രണ്ടാം വരവ്.

റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കിയ സത്യം ശിവം സുന്ദരത്തിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് അശ്വതി അഭിനയിച്ചത്. പിന്നീട് വിവാഹ ശേഷം ദുബായിലേക്ക് താരം കുടിയേറുകയായിരുന്നു. ഇപ്പോള്‍ എറണാകുളത്ത് തിരിച്ചെത്തുന്ന അശ്വതിക്ക് റാഫി തന്നെ വീണ്ടും അവസരം ഒരുക്കുകയാണ്.

നമിത പ്രമോദാണ് റോള്‍ മോഡല്‍സിലെ നായിക. രണ്‍ജി പണിക്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലെന, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവയാണ് ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷന്‍. സെവന്‍ ഇന്‌റര്‍ണാഷ്ണലിന്‌റെ ബാനറില്‍ ജി.പി വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.