ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിരവധി അശ്ലീല സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളില്‍ കുടുംബത്തെയും രാഹുലിനെയും മോശം ഭാഷയില്‍ അപമാനിച്ചിരിക്കുന്നത് കാണാം. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക് ചെയ്യപ്പെട്ടത്.
‘എന്റെ കുടുംബം നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്’ എന്നായിരുന്നു പോസ്റ്റുകളിലൊന്ന്. ഞെട്ടലോടെയാണ് രാഹുലിന്റെ ട്വീറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് സൈബര്‍ ലോകം ഏറ്റെടുത്തത്. അക്കൗണ്ട് ഹാക്കിങിന് ഇരയായത് വ്യക്തമായ ഉടന്‍ അശ്ലീല സന്ദേശങ്ങള്‍ നീക്കം ചെയ്തുവെങ്കിലും, സന്ദേശങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.
രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇത്തരം തരംതാണ പ്രവൃത്തികള്‍കൊണ്ട് അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് തടയാനാവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.