പിണറായിയെ തടഞ്ഞ സംഭവം: ചൗഹാന്റെ പേജില്‍ മലയാളികളുടെ തമ്മില്‍തല്ല്

മലയാളി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്നു പറഞ്ഞ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രതികരണങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാരിനും ചൗഹാനും ആര്‍എസ്എസ്സിനുമെതിരെയാണ് രൂക്ഷ വിമര്‍ശനം. സംഭവം വാര്‍ത്തയായതോടെ പ്രതിരോധ നിരതീര്‍ത്ത് കേരളത്തില്‍നിന്നുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചൗഹാന്റെ പേജില്‍ ഓടിയെത്തി. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മലയാളത്തിലുള്ള വാക്‌പോരിനാട് ചൗഹാന്റെ പേജ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

download-2

ഭോപ്പാലില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മുഖ്യമന്ത്രിയെ പോലീസ് തടഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു. സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇതോടെ കേരളത്തിലൊട്ടാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍.എസ്.എസിന് എതിരെ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു.

പിന്നാലെ നടപടിയെ വിമര്‍ശിച്ച് കേരളത്തിലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചൂടുപിടിച്ചു. ഇതോടെ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചൗഹാന്റെ പേജിലെത്തി മലയാളത്തിലുള്ള പൊങ്കാലയും ആരംഭിച്ചു. പിന്നാലെയാണ് പ്രതിരോധം തീര്‍ത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്തെത്തിയത്.