അമ്മയ്‌ക്കൊപ്പം പോകാന്‍ മടിച്ച 14കാരന് സ്‌റ്റേഷനില്‍ മര്‍ദനം: എസ്.ഐക്ക് പിഴശിക്ഷ

കൊച്ചി: പതിനാലു വയസുകാരനെ സ്‌റ്റേഷനില്‍ മര്‍ദിച്ച സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ തല്ലിയ സംഭവത്തിലാണ് നടപടി. നഷ്ടപരിഹാസം നല്‍കാന്‍ എസ്.ഐ തയ്യാറായില്ലെങ്കില്‍ പണം ശമ്പളത്തില്‍നിന്നും പിടിക്കാനും ഉത്തരവുണ്ട്. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സംഭവത്തില്‍ പ്രതി സിഎസ് ഷാരോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ഫുള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അമ്മയ്ക്കൊപ്പം പോകന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ വച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഎസ് ഷാരോണ്‍ കുട്ടിയെ മര്‍ദ്ദിച്ചതായാണ് കേസ്. മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയതോടെ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.