കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അകാലത്തില്‍ അന്തരിച്ച നടന് മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സുഹൃത്തുക്കള്‍. വലിയ താരമായി ഉദയം ചെയ്യുന്ന കാലത്ത് നിസാരതുക പ്രതിഫലം വാങ്ങി മണി തന്റെ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് നിര്‍മ്മാതാവ് വിനു കിരിയത്ത് ഓര്‍മ്മ പങ്കുവച്ചത്. ‘മൈ ഡിയര്‍ കരടി’ എന്ന ചിത്രത്തിലാണ് മണി നിസാര തുക പ്രതിഫലം വാങ്ങി അഭിനയിച്ചത്. അതും പെട്രോളിന്റെ തുക മാത്രമാണ് മണി കൈപ്പറ്റിയതെന്ന് വിനു പറഞ്ഞു.
മൂന്ന് ലക്ഷം രൂപവരെ പ്രതിഫലം വാങ്ങുന്ന നടനായ കാലത്താണ് മണി തന്റെ പടത്തില്‍ അഭിനയിക്കാന്‍ എത്തുന്നത്. ഷൂട്ടിംഗിന് മുന്‍പ് പ്രതിഫലം ചോദിച്ചിട്ട് മണി തുക പറയാന്‍ തയ്യാറായിരുന്നില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു. ചിത്രീകരണം നടക്കുന്ന ഓരോ ദിവസവും മണിയോട് പ്രതിഫലം ചോദിക്കുമെങ്കിലും അദ്ദേഹം പറയില്ല. അഡ്വാന്‍സ് തരാമെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ പാക്കപ്പ് പറയുന്ന ദിവസം മണിക്ക് ബാഗില്‍ നിന്ന് ഒരു ലക്ഷം രൂപ എടുത്ത് നല്കി. ആ തുക കുറവാണന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് കൊടുത്തത്. എന്നാല്‍ നല്കിയ ഒരു ലക്ഷം രൂപയില്‍ നിന്ന് പതിനായിരം രൂപ എടുത്ത ശേഷം മണി തൊണ്ണൂറായിരം രൂപ തിരിച്ചു നല്‍കുകയായിരുന്നു. മണിയെന്ന നടനെക്കാള്‍ മണിയെന്ന മനുഷ്യസ്നേഹിയെ തന്റെ മരണം വരെ മറക്കാനാകില്ലെന്നും വിനു കിരിയത്ത് കൂട്ടിച്ചേര്‍ത്തു.