തമിഴകത്തിന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു അവര്‍ അമ്മ എന്ന് വിളിക്കുന്ന ജയലളിതയുടെ വേര്‍പാട്. ആ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തിനേടിയിട്ടില്ലാത്ത തമിഴ്മക്കള്‍ ഇപ്പോഴും മറീനയിലെ ശവകുടീരത്തിന് കാവലിരിക്കുകയാണ്…
ഇതിനിടെയാണ് ജയയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജയലളിതയുടെ മരണത്തില്‍ സംശയം ജനിപ്പിച്ചുകൊണ്ട് ചില തമിഴ്മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവയ്ക്കുന്ന ആേരാപണങ്ങള്‍ ഇവയാണ്…
രണ്ടു മാസം മുന്‍പുവരെ പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെ ജയലളിതയില്‍ പ്രകടമായിരുന്നില്ല. ഇടയ്ക്കിടെ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടുകയും പരിശോധനകള്‍ക്ക് വിധേയയാകുകയും ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെ ഇത്ര മാരകമായ ഒരു രോഗത്തിന് അവരെ പെട്ടെന്ന് കീഴ്‌പ്പെടുത്താനാകും. അതുമല്ല, മരണത്തിന് തൊട്ടു മുന്‍പുള്ള രണ്ടു ദിവസങ്ങളില്‍ അവരുടെ തിരിച്ചുവരവുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളായിരുന്നു ആശുപത്രിയില്‍ നിന്നും ഔദ്യോഗികമായി പുറത്തു വിട്ടുകൊണ്ടിരുന്നത്.
സെപ്റ്റംബര്‍ 22 ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ഒരിക്കല്‍ പോലും ജയയുടെ ഒരു ചിത്രമോ വീഡിയോയോ പുറത്തു വിട്ടിരുന്നില്ല. അമ്മ എന്നു വിളിക്കപ്പെടുന്ന അവരുടെ ജീവനറ്റ ശരീരമാണ് 72 ദിവസങ്ങള്‍ക്കിപ്പുറം തമിഴ്മക്കള്‍ കണ്ടത്.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് ജയയാണെന്ന് അവരുടെ തോഴി ശശികലയും പാര്‍ട്ടി നേതത്വവും പറയുന്നുണ്ടെങ്കിലും ഇതിനും വ്യക്തമായ തെളിവുകളില്ല.
ജയലളിത അത്യാസന്ന നിലയിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആശുപത്രിയില്‍ നിന്നും പുറത്തു വരുന്നതിന് ഇടയിലും അവരുടെ കയ്യൊപ്പോടു കൂടിയ ലെറ്റര്‍പാഡുകളിലാണ് നിര്‍ദേശങ്ങള്‍ പുറത്തു വന്നുകൊണ്ടിരുന്നത്.
രക്തബന്ധമുള്ള ബന്ധുക്കള്‍ക്ക് പോലും ആശുപത്രിയില്‍ വിലക്കേര്‍പ്പെടുത്തിയതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
ഏറ്റവും ഒടുവില്‍ മരണ ദിവസം വൈകിട്ട് 5.45 ഓടെ ജയയുടെ മരണവാര്‍ത്ത പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച ചില തമിഴ്ചാനലുകളിലുടെ പുറത്തുവരികയും പാര്‍ട്ടി ആസ്ഥാനത്തെ കൊടി താഴ്ത്തിക്കെട്ടുകയും ചെയ്തുവെങ്കിലും ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുകയും അവര്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് വൈകിട്ട് 11.30 തോടെയാണ് ജയ മരിച്ചതായി ജയ മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയില്‍ നിന്നും എത്തിയത്.
75 ദിവസത്തെ ആശുപത്രി വാസത്തിനിടയില്‍ എന്താണ് ജയയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുക എന്നത് ശശികല വെളിപ്പെടുത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.