ചെന്നൈ: തമിഴത്തിന്റെ അമ്മ ജെ.ജയലളിത ഇനി ഓര്‍മ്മ. ആയിരങ്ങളെ സാക്ഷിയാക്കി ചെന്നൈ മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മൃതി മണ്ഡപത്തിന് സമീപം ജയ ഇനി അന്ത്യവിശ്രമം കൊള്ളും. ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ മൃതദേഹം വൈകിട്ട് നാല് മണി കഴിഞ്ഞപ്പോഴാണ് അവിടെ നിന്നും ഒരു കിലോ മീറ്റര്‍ മാറിയുള്ള മറീനയിലേക്ക് കൊണ്ടു പോയത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ എത്തി ജയലളിതയക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ജയയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചെന്നൈയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ട് നാലരയോടെ സംസ്‌കാര ചടങ്ങ് തീരുമാനിച്ചുവെങ്കിലും വിലാപ യാത്ര മറീനയിലെത്താന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. അഞ്ചരയോടെ വിലാപയാത്ര എം.ജി.ആര്‍ സ്മൃതി മണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജയയുടെ മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലും വിലാപ യാത്ര കടന്നു പോയ വഴിയോരത്തും പതിനായിരങ്ങളാണ് അമ്മയെ ഒരുനോക്ക് കാണാന്‍ കാത്ത് നിന്നത്. വൈകിട്ട് ആറ് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.