വാങ്ങാന്‍ പണം തികഞ്ഞില്ല: യുവാവ് ഫ്‌ളിപ്കാര്‍ട്ട് വീതരണക്കാരനെ കൊന്ന് ഫോണ്‍ മോഷ്ടിച്ചു

ബംഗളൂരു: മൊബൈല്‍ വാങ്ങാന്‍ പണം തികയാഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനെ കൊന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിച്ചു. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനായ നഞ്ചുണ്ടസ്വാമിയാണ്(29) കൊല്ലപ്പെട്ടത്. ഡിസംബര്‍ 9ന് നടന്ന സംഭവത്തില്‍ ജിംനേഷ്യത്തിലെ പരിശീലകനായ വരുണ്‍കുമാര്‍ അറസ്റ്റിലായി.

പ്രതി വെബ്‌സൈറ്റിലൂടെ ഫോണ്‍ ബുക്ക് ചെയ്തിരുന്നതായി പോലീസ് പറയുന്നു. 12000 രൂപയായിരുന്നു ഫോണിന്. കാഷ് ഓണ്‍ ഡെലിവറി സംവിധാനമായിരുന്നു. എന്നാല്‍ ഫോണ്‍ ലഭിക്കുന്ന സമയമായപ്പോള്‍ പ്രതിക്ക് പണം കണ്ടെത്താന്‍ സാധിച്ചില്ല.

ഫോണ്‍ ഡലിവര്‍ ചെയ്യാനെത്തിയ യുവാവിനെ പ്രതി ഇരുമ്പു വടിക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ബാഗിലുണ്ടായിരുന്നു മൊബൈല്‍ മോഷ്ടിച്ചു. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു.