മൃഗക്കൊഴുപ്പ് പുരട്ടിയ നോട്ടിനെതിരെ വെജിറ്റേറിയന്‍സ്; ബ്രിട്ടനിലും നോട്ട് പ്രതിസന്ധി

ലണ്ടന്‍: ഇന്ത്യയ്ക്ക് പിന്നാലെ ബ്രിട്ടണിലും നോട്ട് വിവാദം കൊടുമ്പരികൊള്ളുന്നു. ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് പുതിയതായി പുറത്തിറക്കിയിരിക്കുന്ന പോളിമര്‍ അഞ്ചുരൂപ നോട്ടാണ് വില്ലനായിരിക്കുന്നത്. മുഷിയാതിരിക്കാനും കേടുപാടുകള്‍ എളുപ്പത്തില്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാനുമായി നോട്ടില്‍ മൃഗക്കൊഴുപ്പ് തേച്ച് മിനുസപ്പെടുത്തിയെന്നാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

പുതിയ നോട്ടിനെതിരേ വെജിറ്റേറിയന്‍ ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്. നോട്ട് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തയ്യാറാക്കിയിട്ടുള്ള നിവേദനത്തില്‍ ഒപ്പുവെച്ചവര്‍ ഇതിനകം ഒരു ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും  നോട്ട് അടിക്കുന്ന റോയല്‍ മിന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് ബാങ്കിന്റെ പ്രതികരണം.

കഴിഞ്ഞ സെപ്തംബറിലായിരുന്നു നോട്ട് പുറത്തിറക്കിയത്. ഒരു വശത്ത് രാജ്ഞിയുടേയും മറുവശത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രങ്ങള്‍ പതിച്ചതാണ് നോട്ട്. മൃഗക്കൊഴുപ്പ് പുരട്ടിയ നോട്ടിനെതിരെ രംഗത്ത് വന്നിട്ടുള്ളവര്‍ക്ക് ഹിന്ദുക്കളും മുസ്‌ളീങ്ങളും സിഖുകാരും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിട്ടുണ്ട്. നോട്ടിനെ നാണയമാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഇവരുടെ വാദം.